ഐഎസ്എല്‍: പതിവുകള്‍ തെറ്റിക്കാതെ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ലീഗിന്റെ ഏറ്റവും താഴെത്തട്ടിലുള്ള പൂനെക്കുവരെ മൂന്ന് പോയന്റുകള്‍ ദാനം ചെയ്ത് ജീവശ്വാസം നിലനിര്‍ത്താന്‍ സഹായിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പൂനെയോട് തോറ്റത്. കാണികള്‍ പരിഭവം മറന്ന് സ്റ്റേഡിയത്തില്‍ എത്തിയെങ്കിലും മത്സരഫലം മറ്റൊന്നായില്ല.

ആദ്യ പകുതിയില്‍ത്തന്നെ ഗോള്‍ നേടി പൂനെ കളി വരുതിയിലാക്കി. മാഴ്‌സലീന്യോയാണ് പൂനെയുടെ ഗോള്‍ ശില്‍പി. മലയാളി താരം ആഷിഖിന്റെ പാസിലൂടെ ലഭിച്ച അവസരം മാഴ്‌സലീന്യോ ഒന്നാന്തരമായി ഫിനിഷ് ചെയ്തപ്പോള്‍ സ്‌കോര്‍ 1-0. പിന്നീട് കളിയില്‍ സ്‌കോര്‍ബോര്‍ഡ് മാറിയതേയില്ല.

കണക്കിന്റെ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ നിന്നുവെങ്കിലും അതൊന്നും ഗോളായില്ല. ബോള്‍ പൊസഷനിലും ഷോട്ടുകളിലുമെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് വ്യക്തമായ ആധിപത്യം. എന്നാല്‍ പാഴാക്കിക്കളഞ്ഞ ഗോള്‍ അവസരങ്ങള്‍ മറ്റ് കണക്കുകളെ മൂടിക്കളയുന്നു.

സ്‌റ്റോയനോവിച്ച്, ഡുംഗല്‍, വിനീത്, പ്രശാന്ത്, സഹല്‍ എന്നിവരെല്ലാം നിരവധി അവസരങ്ങള്‍ പാഴാക്കി. ഇന്നും ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് എല്ലുമുറിയെ പണിയെടുത്തു. ഒരവസരത്തില്‍ അഞ്ച് മലയാളി കളിക്കാര്‍ മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയില്‍ കളിക്കാനിറങ്ങിയതും ശ്രദ്ധേയമായി.

ലീഗില്‍ ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന് പിന്നിലാണ് പൂനെ സിറ്റി. എട്ട് പോയന്റുമായി എട്ടാം സ്ഥാനത്താണ് പൂനെ. ഒന്‍പത് പോയന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇന്നത്തെ കളിയോടെ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ മങ്ങി.

DONT MISS
Top