‘ജയ് ഹിന്ദ് ഹിന്ദ്, ജയ് ഇന്ത്യ’; എ ആര്‍ റഹ്മാന്റെ കയ്യൊപ്പില്‍ ഹോക്കി വേള്‍ഡ് കപ്പ് തീം സോങ് പുറത്തിറങ്ങി

ഹോക്കി ലോകകപ്പിന് ആവേശമായി സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ ഒരുക്കിയ തീം സോങ് പുറത്തിറങ്ങി. തീം സോങിന്റെ ചെറിയ ടീസര്‍ ഭാഗങ്ങള്‍ ഇതിന് മുന്‍പ് പുറത്തിറങ്ങിയിരുന്നെങ്കിലും പൂര്‍ണരൂപം കഴിഞ്ഞദിവസമാണ് എത്തിയത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും തെന്നിന്‍ന്ത്യന്‍ താരറാണി നയന്‍താരയും വീഡിയോയിലുണ്ട്. ഇന്ത്യന്‍ ഹോക്കിടീമിന് ആദരവായി തയ്യാറാക്കിയിട്ടുള്ള വീഡിയോയുടെ നിര്‍മാണവും എആര്‍ റഹ്മാന്‍ തന്നെയാണ്.

ഗുല്‍സാറിന്റെ വരികള്‍ക്ക് എആര്‍ റഹ്മാന്റെ ഈണത്തില്‍ ഒരുങ്ങിയ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നകുല്‍ അബിന്‍കര്‍, എംസി ഹീം എന്നിവരും റഹ്മാനോടൊപ്പം പാടിയിട്ടുണ്ട്. സംഗീതരംഗത്ത് നിന്നും പ്രതിഭകളായ ഒരുകൂട്ടം കലാകാരന്മാരും അടങ്ങിയതാണ് വീഡിയോ. ശിവമണി, നീതി മോഹന്‍, ശ്വേത പണ്ഡിറ്റ്, ഹര്‍ഷ ദീപ് തുടങ്ങിയവരും ഗാനരംഗത്തിലുണ്ട്.

2018ല്‍ ഇന്ത്യയില്‍ നടക്കുന്ന ഹോക്കിക്ക് വേണ്ടി തയ്യാറാക്കിയ പാട്ടില്‍ ഇന്ത്യന്‍ ഹോക്കി താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ജയ് ഹിന്ദ് ഹിന്ദ്, ജയ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രവി വര്‍മനാണ്. 2011 ല്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനും റഹ്മാന്‍ ഈണം ഇട്ടിരുന്നു. 1997 ല്‍ പുറത്തിറങ്ങിയ വന്ദേ മാതരത്തിന് ശേഷം റഹ്മാന്റെ ദൃശ്യസംവിധാന മികവിന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന വീഡിയോ എന്ന രീതിയിലും ‘ജയ് ഹിന്ദ് ഹിന്ദ്,ജയ് ഇന്ത്യ ‘ ശ്രദ്ധേയമാകുന്നു.

DONT MISS
Top