പ്രീതി സരണ്‍ ഐക്യരാഷ്ട്രസഭയുടെ സിഇഎസ്‌സിആറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജനീവ: ഐക്യരാഷ്ട്രസഭയിലെ സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള കമ്മിറ്റിയില്‍ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ പ്രീതി സരണ്‍ തെരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി നടപ്പാക്കുന്ന നിരീക്ഷകരുടെ 18 അംഗ സമിതിയില്‍  അടുത്തിടെ  ഒരാള്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പ്രീതി സരണിനെ തെരഞ്ഞെടുത്തത്.

ഐക്യരാഷ്ട്രസഭയിലേക്കുള്ള  പ്രീതിയുടെ നാലു വര്‍ഷത്തെ കാലാവധി ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. പ്രീതി സരണിന്‍െറ  തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍, ഇന്ത്യയുടെ പ്രതിനിധിയായി പ്രീതി സരണിനെ തെരഞ്ഞെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി എന്നു പറഞ്ഞു കൊണ്ട് ട്വീറ്റ് ചെയ്തു.

സപ്തംബര്‍ ഒമ്പതിന് വിദേശകാര്യ വകുപ്പില്‍ നിന്ന് വിരമിച്ച സരണിനെ നവംബര്‍ 25 ന് യുഎന്‍ പൊതുസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ സിഇഎസ്‌സിആറിലേക്ക്  നാമനിര്‍ദേശം ചെയ്തു. 169 രാജ്യങ്ങള്‍ അംഗീകരിച്ച സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക അവകാശങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഉടമ്പടി നടപ്പിലാക്കുന്നതിനായി 1985 ലാണ്  സിഇഎസ്‌സിആര്‍ സ്ഥാപിച്ചത്.

സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര  ഉടമ്പടിയില്‍ അംഗങ്ങളായിരിക്കുന്ന രാജ്യങ്ങള്‍  അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കുമെന്ന് ഓരോ അഞ്ചു വര്‍ഷവും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. എല്ലാ വര്‍ഷവും നാല് തവണ ജനീവയില്‍ വച്ച് സിഇഎസ്‌സിആര്‍ യോഗം നടക്കും.  ചൈനയുടെ ഷിക്വി ചെന്‍ ആണ് മറ്റൊരു ഏഷ്യന്‍ അംഗം. അദ്ദേഹത്തിന്റെ കാലാവധി 2022 ല്‍ അവസാനിക്കും.

DONT MISS
Top