മുഴുവന്‍ വായ്പ തുകയും തിരിച്ചടയ്ക്കാം; ഇന്ത്യന്‍ ബാങ്കുകളോട് വിജയ് മല്യ

ദില്ലി: വിവിധ ബാങ്കുകളില്‍ നിന്നായി പണം വായ്പയെടുത്ത് തിരിച്ചടവ് നടത്താതെ യുകെയിലേക്ക് കടന്ന വിജയ്  മല്യ മുഴുവന്‍ പണവും തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെ രംഗത്തുവന്നു. രാജ്യം വിട്ട മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന കേസില്‍ വിധി പറയാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെയാണ് ഇത്തരത്തിലൊരു ട്വീറ്റുമായി വിജയ് മല്യ രംഗത്ത് വന്നിരിക്കുന്നത്.

ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത പണം തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും അത് സ്വീകരിക്കണമെന്നും മല്യ ട്വീറ്റില്‍ കുറിച്ചു. തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ താന്‍ തയ്യാറാണ് ബാങ്കുകളും സര്‍ക്കാരും അത് സ്വീകരിക്കണം, ഇല്ലെങ്കില്‍ കാരണം വ്യകതമാക്കണമെന്നും അദ്ദേഹം ട്വീറ്റല്‍ പറഞ്ഞു.

തന്റെ പേരിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആവശ്യത്തിന് വേണ്ടിയാണ് വായ്പ എടുത്തത് എന്നും വ്യോമയാന ഇന്ധനത്തിന്റെ വിലവര്‍ധനവിനെ തുടര്‍ന്ന് കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് തിരിച്ചടവ് മുടങ്ങിയതെന്ന് അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ 2016 ല്‍ മല്യ യുകെ ലേക്ക് കടക്കുകയായിരുന്നു. പിന്നീട് 2017ലാണ് അദ്ദേഹത്തെ വിട്ടു കിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ കരാറിലെ ഇടനിലക്കാരനെന്ന് ആരോപിച്ച ബ്രിട്ടീഷുകാരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് വിജയ് മല്യയുടെ ട്വീറ്റ് പുറത്തു വന്നത്.

DONT MISS
Top