സിബിഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരടിക്കുന്ന പൂച്ചകളെ പോലെയായിരുന്നുവെന്ന് കെകെ വേണുഗോപാല്‍

ദില്ലി: സിബിഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരടിക്കുന്ന പൂച്ചകളെ പോലെയായിരുന്നു എന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍. തമ്മിലടിയില്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉള്ള അടി പരസ്യ വിഴുപ്പ് അലക്കിലേക്ക് മാറി. ഈ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയേയും, സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും അവധിയില്‍ പ്രവേശിപ്പിച്ചത്. സിബിഐയുടെ വിശ്വാസ്യത നില നിറുത്താന്‍ ചില ഇടപെടലുകള്‍ അനിവാര്യമായിരുന്നു എന്നും അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ സുപ്രിം കോടതിയെ അറിയിച്ചു.

അതേസമയം സിബിഐ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് കമ്മീഷനോട് കേന്ദ്ര സര്‍ക്കാരിന് ആവശ്യപ്പെടാം എന്നും എന്നാല്‍ ഏത് രീതിയില്‍ അന്വേഷിക്കണം എന്ന് നിര്‍ദേശിക്കാന്‍ കഴിയില്ല എന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിം കോടതിയെ അറിയിച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് എതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നാളെയും വാദം തുടരും.

DONT MISS
Top