ഇത് ചരിത്രനേട്ടം; മരിച്ച യുവതിയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും ആദ്യമായി കുഞ്ഞ് പിറന്നു

ലോകത്ത് ആദ്യമായി മരിച്ച യുവതിയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും ആരോഗ്യ കുഞ്ഞ് പിറന്നു. ബ്രസീലിലാണ് സംഭവം നടന്നത്. മെഡിക്കല്‍ രംഗത്തെ ഒരു നാഴികകല്ലായി രേഖപ്പെടുത്താവുന്ന ഈ ചരിത്ര നേട്ടം മക്കള്‍ ഇല്ലാത്ത ഒട്ടേറെ ദമ്പതികള്‍ക്ക് ശുഭ പ്രതീക്ഷ നല്‍കുന്നതാണ്. ദി ലാന്‍സെന്റ് എന്ന മെഡിക്കല്‍ ജേണലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.  ജീവിച്ചിരിക്കുന്ന സ്ത്രീയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് കുട്ടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ മരിച്ച യുവതിയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞ് പിറക്കുന്നത്.

32 വയസുകാരിയായ യുവതിയാണ് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. 35 ആഴ്ചയും മൂന്ന് ദിവസവും പൂര്‍ത്തിയായപ്പോള്‍ സിസേറിയന്‍ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് രണ്ടര കിലോ ഗ്രാം തൂക്കവും 45 സെന്റീമീറ്റര്‍ നീളവും ഉണ്ട്. ജന്മനാ ഗര്‍ഭപാത്രം ഇല്ലാതിരുന്ന യുവതിയാണ് മരിച്ച യുവതിയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ചത്. സ്‌ട്രോക്ക് ബാധിച്ച് മരിച്ച് സ്ത്രീയില്‍ നിന്നും 2016 സെപ്തംബറിലായിരുന്നു ഇവരിലേക്ക് ഗര്‍ഭപാത്രം മാറ്റിവച്ചത്. ഏതാണ്ട് 10.5 മണിക്കൂര്‍ ശസ്ത്രക്രിയ നടത്തിയാണ് ഗര്‍ഭപാത്രം മാറ്റിവച്ചത്.

യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോയിലെ ക്ലിനിക്കില്‍ വച്ചായിരുന്നു ഗര്‍ഭപാത്രം മാറ്റിവച്ചുള്ള ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് 37 ദിവസം കഴിഞ്ഞപ്പോള്‍ യുവതിക്ക് ആദ്യ ആര്‍ത്തവം ഉണ്ടായി. പിന്നീട് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് യുവതി ഗര്‍ഭിണിയായത്. ഗര്‍ഭിയാകുന്നതുവരെ എല്ലാ മാസവും ഇവര്‍ക്ക് ആര്‍ത്തവം ഉണ്ടാകുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ നടക്കുന്നതി മുമ്പായി യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച് വച്ചിരുന്നു. പിന്നീട് ഐവിഎഫ് ശസ്ത്രക്രിയയിലൂടെയാണ് അവര്‍ ഗര്‍ഭിണിയായത്.

DONT MISS
Top