ഉല്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; ‘ഒപെക്’ കൂട്ടായ്മയില്‍ നിന്ന് പിന്മാറുകയാണെന്ന് ഖത്തര്‍


ദോഹ: എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ നിന്ന പിന്‍മാറുകയാണെന്ന് ഖത്തര്‍ അറിയിച്ചു. എല്‍എന്‍ജി ഉല്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് പിന്മാറ്റം. ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സാഹ് ഷെരീദ അല്‍ കാബി ആണ് പിന്മാറ്റത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്.

എല്‍എന്‍ജി ഉത്പാദന മേഖല കൂടുതല്‍ വികസിപ്പിക്കാനും ഉത്പാദനം 7.7 കോടി ടണ്ണില്‍ നിന്നും 11.1 കോടി ടണ്ണായി ഉയര്‍ത്താനുമാനുമാണ് തീരുമാനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ദ്രാവക രൂപത്തില്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍.

2019 ജനുവരിയോടെയാണ് പിന്മാറ്റം. ഡിസംബര്‍ ഒമ്പതിന് ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ഔദ്യോഗികമായ തീരുമാനം ഉണ്ടാകും. സൗദി അറേബ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കവെയാണ് ഖത്തറിന്റെ ഈ തീരുമാനം. ഉപരോധവുമായി പിന്മാറലിന് ബന്ധമില്ലെന്ന് അല്‍ കാബി അറിയിച്ചു.

15 രാജ്യങ്ങളാണ് ഒപെക് കൂട്ടായ്മയില്‍ ഉള്ളത്. 57 വര്‍ഷമായി ഖത്തര്‍ ഈ കൂട്ടായ്മയിലുണ്ട്. അതിനാല്‍ പിന്‍മാറല്‍ എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും വളര്‍ച്ചാനയം ലക്ഷ്യമിട്ട് കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

DONT MISS
Top