രാമക്ഷേത്ര റാലിയില്‍ നാണംകെട്ട് ആര്‍എസ്എസ്; ഒരു ലക്ഷംപേര്‍ പങ്കെടുക്കുമെന്ന അവകാശവാദത്തിനൊടുവില്‍ എത്തിയത് വെറും 100 പേര്‍

ദില്ലി: ഭാരതത്തെ മതത്തിന്റെ പേരില്‍ വിഭജിച്ച് അധികാരം കയ്യാളാന്‍ ആര്‍എസ്എസ് ചവിട്ടുപടിയാക്കിയത് അയോധ്യയിലെ ബാബറി മസ്ജിദായിരുന്നു. ഇതോടെ ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് ലഭിച്ച ഉണര്‍വ് എക്കാലത്തും ബിജെപിയും ആര്‍എസ്എസും മുതലെടുത്തുകൊണ്ടേയിരുന്നു. പ്രത്യേകിച്ചും തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍. എന്നാല്‍ ഇപ്പോള്‍ ഇതേ കാര്യത്തില്‍ ആര്‍എസ്എസ് തിരിച്ചടി നേരിട്ട് നാണം കെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

രാമക്ഷേത്രം നിര്‍മിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടുള്ള റാലിയില്‍ ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും എന്നതായിരുന്നു ആര്‍എസ്എസിന്റെ അവകാശ വാദം. എന്നാല്‍ റാലി ആരംഭിച്ചപ്പോള്‍ വെറും നൂറു പേര്‍ മാത്രമാണ് ഇതില്‍ അണിനിരന്നത്. എന്നാല്‍ ഇതിനെ ന്യായീകരിച്ചും റാലി സംഘടിപ്പിച്ച സ്വദേശി ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ കമല്‍ തിവാരി രംഗത്തെത്തിയിട്ടുണ്ട്. റാലി ആരംഭിച്ച സ്ഥലത്തു നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് ഇപ്പോള്‍ റാലിയില്‍ പങ്കെടുത്തിട്ടുള്ളത്. റാലി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചേരുമ്പോള്‍ അവിടെനിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ അണിചേരും. രാംലീല മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ആറ് മുതല്‍ എട്ട് ലക്ഷം വരെ പ്രവര്‍ത്തര്‍ ഉണ്ടാകും എന്നുമാണ് തിവാരി പറഞ്ഞത്.

ആര്‍എസ്എസിന്റെ കീഴിലുള്ള സ്വദേശി ജാഗരണ്‍ മഞ്ചാണ് റാലി സംഘടിപ്പിക്കുന്നത്. ദില്ലിയിലെ ഝണ്ഡേവാല ക്ഷേത്രത്തില്‍ വച്ചാണ് റാലി അരംഭിച്ചത്. ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന റാലി ഡിസംബര്‍ 9 ന് രാംലീല മൈതാനിയില്‍ വച്ചാണ് സമാപിക്കുക. നവംബര്‍ 25 ന് ശിവസേനയും വിശ്വഹിന്ദു പരിഷത്തും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് അയോധ്യയില്‍ റാലി സംഘടിപ്പിച്ചിരുന്നു.

DONT MISS
Top