അയോധ്യ കനത്ത സുരക്ഷയില്‍; വിഎച്ച്പി, ശിവസേന റാലി ഇന്ന്


അയോധ്യ: രാമക്ഷേത്ര നിര്‍മാണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്, ശിവസേന എന്നിവരുടെ നേതൃത്വത്തില്‍ അയോധ്യയില്‍ ഇന്ന് വന്‍ റാലി സംഘടിപ്പിക്കും. ‘ആദ്യം ക്ഷേത്രം, പിന്നെ സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി. ധര്‍മ്മ സന്‍സാദ് എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെയും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സന്യാസിമാരും മറ്റ് പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഇതെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു. രണ്ട് ലക്ഷത്തോളം ആളുകള്‍ റാലിയില്‍ അണിനിരക്കും.

സരയൂ നദീ തീരത്തെ ആരതി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഉദ്ദവ് താക്കറെ സന്യാസിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് 3,000 ത്തിലധികം ശിവസേന പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ബിജെപിയും നരേന്ദ്രമോഡിയും  തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ മറക്കുകയാണെന്നും രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവര്‍ മൗനം പാലിക്കുകയാണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. അയോധ്യയെ എട്ട് മേഖലയായി തിരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

DONT MISS
Top