നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നുകളിച്ചു; ‘തനത് ശൈലിയില്‍’ ബ്ലാസ്റ്റേഴ്‌സ് തോറ്റു


ഗുവാഹട്ടി: കായികയിനങ്ങളുടെ ടീമുകള്‍ വിജയിക്കുന്നതിനും മുന്നേറുന്നതിനും പലവിധത്തിലുള്ള ശൈലികള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ കേരളത്തിന്റെ സ്വന്തം ഐഎസ്എല്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സ് തോല്‍വികളിലും സമനിലകളിലും ഒരു ശൈലി ആവര്‍ത്തിക്കുകയാണ്. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ഒരു തനത് ശൈലി. തൊണ്ണൂറ് മിനുട്ടുകള്‍ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ തിരികെവാങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടു.

ഗോള്‍ നേടാന്‍ തീര്‍ച്ചയായും സാധിക്കുമായിരുന്ന അവസരങ്ങള്‍ ബ്ലാസ്‌റ്റേസ് പതിവുപോലെ തുലച്ചുകളഞ്ഞു. ഗോളുകള്‍ ഒന്നും പിറക്കാതെയാണ് ഒന്നാം പാതി പിറന്നത്. ഇരുടീമുകളും ഉഴപ്പിക്കളിച്ച കളിയില്‍ 73-ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പിറന്നു. ലഭിച്ച കോര്‍ണറില്‍നിന്ന് പോപ്ലാറ്റ്‌നിക്കാണ് നോര്‍ത്ത് ഈസ്റ്റ് വല കുലുക്കിയത്. മികച്ച ഒരു ഹെഡ്ഡറിലൂടെ എതിര്‍ കളിക്കാരെ നിഷ്പ്രഭരാക്കിയ ഒരു നീക്കമായിരുന്നു അത്. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന പൊപ്ലാറ്റ്‌നിക് മുന്നോട്ട് നീങ്ങി പന്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

തൊണ്ണൂറ് മിനുട്ടുകള്‍ ഈ ലീഡില്‍ ബ്ലാസ്റ്റേഴ്‌സ് പിടിച്ചുനിന്നു. ഹീറോ ഓഫ് ദി മാച്ചായി കേരളാ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെ പ്രഖ്യാപിച്ച അതേ മിനുട്ടില്‍ ബോക്‌സിനകത്തുവച്ച് അദ്ദേഹം ചെയ്ത തെറ്റ് പെനാല്‍റ്റിയായി പരിണമിച്ചു. ഇതോടെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. തൊട്ടടുത്ത മിനുട്ടില്‍ കൂട്ടമായി എത്തി ആക്രമിച്ചുകൊണ്ട് രണ്ടാം ഗോളും നോര്‍ത്ത് ഈസ്റ്റ് നേടിയതോടെ കേരളത്തിന്റെ ആരാധകര്‍ തീര്‍ത്തും നിരാശരായി. അത്രയും സമയം ഉറങ്ങിക്കളിച്ച എതിരാളികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് അവസാന ആറ് മിനുട്ട് ഇഞ്ചുറി ടൈമില്‍ കണ്ടത്.

ബ്ലാസ്‌റ്റേഴ്‌സ് സമനില നേടുമ്പോഴും തോല്‍ക്കുമ്പോഴും ഇത്തരത്തിലുള്ള നിരാശാജനകമായ രീതി ആവര്‍ത്തിക്കുന്നതില്‍ ഡേവിഡ് ജെയിംസിന് യാതൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഇനിയും കേരളത്തിന് സാധ്യതകളുണ്ട് എന്ന് ആവര്‍ത്തിക്കുന്നല്ലാതെ ഉറച്ച ഒരു ഫോര്‍മേഷന്‍ പോലും ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

ഇതോടെ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നിലനില്‍പ്പ് പരുങ്ങലിലായിത്തുടങ്ങി. മറ്റുള്ള ടീമുകളുടെ പ്രകടനങ്ങളെ ആശ്രയിച്ച് നിലനില്‍ക്കേണ്ട ഗതികേടിലേക്കാണ് സാഹചര്യം നീങ്ങുന്നത്. ലീഗിലേക്ക് ശക്തമായി തിരികെയെത്താനുള്ള ഒന്നാന്തരം അവസരമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് തുലച്ചുകളഞ്ഞത്.

DONT MISS
Top