വൃതമെടുത്ത് മാലയിട്ട് ഭക്തിമയമാകേണ്ട മണ്ഡലകാലം മലയാളിയുടെ മാത്രമല്ല

ദക്ഷിണേന്ത്യയുടെ തന്നെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനആചാരങ്ങള്‍ കൊണ്ട് വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രം. വിശ്വാസവും ആചാരവും വേര്‍തിരിക്കാനാവാത്ത വിധം കെട്ട് പിണഞ്ഞു കിടക്കുന്ന ശബരിമല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ഏറ്റവും വലിയ ക്ഷേത്രം. പുണ്യഭൂമിയിന്ന് കലാപ ഭൂമിയായിരിക്കുന്നു. ഭക്തിയുടെ മുഖമൂടിയണിഞ്ഞ് ഒരു കൂട്ടര്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ് അയ്യപ്പ സന്നിധി. സ്വയം പ്രഖ്യാപിത ഹൈന്ദവ സംഘടനകളും നേതാക്കളും അക്രമത്തിന് ആക്കം കൂട്ടികൊണ്ടിരിക്കുന്നു. വിശ്വാസത്തിനും വികാരത്തിനും തീ കൊളുത്തി രസിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍. ശബരിമലയെ ശാന്തമാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ക്രമസമാധാനം ലംഘിച്ചും ഹര്‍ത്താല്‍ നടത്തിയും റോഡ് ഉപരോധിച്ചും കാവിക്ക് സാധുത വര്‍ധിപ്പിക്കുന്നുണ്ട് ബിജെപി. കേന്ദ്രനേതാക്കള്‍ കൂടി എത്തുന്നത്തോടെ കൂടുതല്‍ കലാപത്തിലേക്കാകും ശബരിമലയെത്തുക.

ജനാധിപത്യത്തിന്റെ അവിഭാജ്യമായ പൗര സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തിയാണ് ശബരി മല സ്ത്രീ പ്രവേശന വിധി വന്നത്. കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. എന്നാല്‍ വിധി വന്നയുടനെ സ്ത്രി പ്രവേശനം നടപ്പാക്കാനൊരുങ്ങുന്നു എന്ന ദേവസ്വം ബോര്‍ഡ് മന്ത്രിയുടെ പ്രഖ്യാപനം ബിജെപി സംഘപരിവാര്‍ സംഘടനകള്‍ക്ക് രാഷ്ട്രീയ മുതലെടുപ്പിന് അടിത്തറപാകുന്നതായിരുന്നു. ആചാരത്തെയും വിശ്വാസത്തെയും വേര്‍തിരിച്ചറിയാനാവാതെ യഥാര്‍ത്ഥ വിശ്വാസികള്‍ കുഴങ്ങി. വിധിയുടെ ഔചിത്യം വിശ്വാസികളിലെത്തിക്കാന്‍ സര്‍ക്കാരോ അനുബന്ധ സംഘടനകളോ മുന്നോട്ട് വന്നില്ല എന്നതാണ് വാസ്തവം. ഈ ഒരു അവസരം മുതലെടുത്തു കൊണ്ട് ആചാരലംഘനത്തിനാണ് സര്‍ക്കാര്‍ കോപ്പുകൂട്ടുന്നതെന്ന് ബിജെപി പ്രചരിപ്പിച്ചു തുടങ്ങി.

സര്‍ക്കാരിനെതിരെയുള്ള തുറുപ്പ് ചീട്ട് എന്ന നിലയില്‍ അവസരം മുതലെടുത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കുന്നില്ലെന്ന് വാദം ഉയര്‍ത്തി രംഗം കൂടുതല്‍ കൊഴിപ്പിച്ചു. ഇതോടെ ശബരിമല വിഷയത്തില്‍ വിശ്വാസം വ്രണപ്പെടാത്ത വിശ്വാസികള്‍ ഇല്ല എന്നായി. സ്ത്രീ പ്രവേശനം വിശ്വാസികള്‍ക്ക് നേരെയുള്ള യുദ്ധമെന്നും വലിയ ആചാര ലംഘനം ഉണ്ടാകുമെന്ന പ്രചാരണം ജനങ്ങളിലേക്ക് കാട്ടു തീ പോലെ പടര്‍ന്നു. ഇതോടെ ബിജെപിയുടെ നിലയുറപ്പിക്കല്‍ അജണ്ട ഒരു വിധം നടപ്പായി എന്ന് വ്യക്തം. തുടര്‍ന്ന് വന്ന ദിവസങ്ങളില്‍ എല്ലാം കണ്ടത് വിശ്വാസികളുടെ പേരും പറഞ്ഞുള്ള ബിജെപിയുടെ അക്രമങ്ങളായിരുന്നു. മല ചവിട്ടാന്‍ എത്തിയ സ്ത്രീകളെ വഴി തടഞ്ഞും ഭയപ്പെടുത്തിയും തിരിച്ചയച്ചു. ഇതിനിടയില്‍ ചില ആക്ടിവിസ്റ്റുകള്‍ മല ചവിട്ടാന്‍ എത്തിയതും പിന്നാലെ ഉണ്ടായ സംഭവങ്ങളും ബിജെപിക്ക് നേട്ടമായി. അയ്യപ്പ സന്നിധിയെ കലുക്ഷിതമക്കാന്‍ സ്ത്രീകളെ റീക്രൂട്ട് ചെയ്യുന്നുയെന്ന നുണ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍മീഡയയും ആര്‍എസ്എസ് അനുബന്ധ മാധ്യമങ്ങളും വീഴ്ച വരുത്തിയില്ല. ജനം ടിവിയൊഴികെയുള്ള മാധ്യമങ്ങള്‍ എല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് പലകുറി വിധേയമായി. ശബരിമല ദര്‍ശനത്തിന് എത്തിയ ഭക്തന്റെ മരണം ബലിദാനമായി ഏറ്റെടുത്ത് പോലീസ് അതിക്രമം എന്ന തലക്കെട്ടോടെ ഹര്‍ത്താല്‍ നടത്തി. പത്തനംതിട്ടയുടെ ഒരു ദിവസത്തെ ജനജീവിതം സ്തംഭിപ്പിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണോയെന്ന് ജനുവരി 22 ന് തീരുമാനിക്കാമെന്ന പരമോന്നത നീതിപീഠത്തിന്റെ ഉറപ്പ് നല്‍കി. ഇതോടെ ജനുവരി 22 വരെ ശാന്തമായ മണ്ഡലകാലമാകുമെന്നാണ് കരുതിയവരുടെ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ചു കൊണ്ട് ബിജെപി നാമജപ സമരം തുടര്‍ന്നു. സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്ന് പ്രഖ്യാപിച്ച് തീര്‍ത്ഥാടകരെ പോലും വലച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ കോപ്പു കൂട്ടി. സുരക്ഷാ ക്രമീകരണങ്ങളേയും ക്രമാസമാധാനത്തെയും ലംഘിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഒരു രാത്രി പുലര്‍ന്നതോടെ സംസ്ഥാന വ്യാപകമായി ഹൈന്ദവ സംഘടനകളുടെ ഹര്‍ത്താലിന് തുടക്കമായി. അപ്രതീക്ഷിതമായി വന്ന ഹര്‍ത്താലില്‍ ജനം നരകയാതന അനുഭവിച്ചു. മുന്‍വൈരാഗ്യങ്ങളെല്ലാം ഭക്തിയുടെ മറവില്‍ തീര്‍ക്കാനായിരുന്നു സംഘപരിവാറിന്റെ തീരുമാനമെന്നത് പിന്നീട് നടന്ന ഓരോ സംഭവങ്ങളും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. കാസര്‍ഗോഡ് ബാലസംഘം പ്രവര്‍ത്തകനെയും കോഴിക്കോട് മാധ്യമ പ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചു. കെഎസ്ആര്‍ടിസിയും, ടാക്‌സികളും ഉള്‍പ്പെടെയെല്ലാം ഭാഗികമായോ പൂര്‍ണമായോ സര്‍വ്വീസ് നിര്‍ത്തിവച്ചു. ഹര്‍ത്താലിനും അക്രമത്തിനും ഇടയില്‍ കെ പി ശശികലയ്ക്ക് ജാമ്യം. എന്നാല്‍ വീണ്ടും ക്രമസമാധ ലംഘനത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് നിലയ്ക്കലില്‍ എത്തിയ കെ സുരേന്ദ്രനെ അറസ്റ്റു ചെയ്യുന്നു. തുടര്‍ന്ന് അറസ്റ്റില്‍ പ്രതിഷേധിച്ച് ദേശീയ പാത ഉപരോധം.

എന്‍എസ്സ് എസ്സ് ഉള്‍പ്പെടെ അന്യായമായ അറസ്റ്റ് എന്ന പ്രതികരണവുമായി രംഗത്ത് വന്നു. അറസ്റ്റ് ചെയ്യപ്പെട്ട സുരേന്ദ്രന്‍ പൊലീസ് ഇരുമുടികെട്ട് വലിച്ചിട്ടെന്നും, ക്രൂരമായി മര്‍ദ്ദിച്ചെന്നും കോടതിയില്‍ വാദിച്ചു. എന്നാല്‍ തുടര്‍ന്നുണ്ടായ വൈദ്യപരിശോധയില്‍ മര്‍ദ്ദനത്തിന് തെളിവൊന്നും ലഭിച്ചില്ല. സോഷ്യല്‍ മീഡിയയിലടക്കം ഇരുമുടി കെട്ട് വലിച്ച് സുരേന്ദ്രന്‍ താഴെയിടുന്നതിന്റെയും എസ്പി ചുമലില്‍ വച്ചു കൊടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആരോപണങ്ങളെല്ലാം നുണയായിരുന്നെന്ന് തെളിഞ്ഞു. തൊട്ടുപിന്നാലെ ശബരിമലയിലെ പ്രശ്‌നത്തെക്കുറിച്ച് ദേശീയ നേതൃത്വത്തിലറിയിച്ചിട്ടുണ്ടെന്നും, കേന്ദ്ര നേതാക്കള്‍ ശബരിമലയിലേക്ക് എത്തുമെന്നും വ്യക്തമാക്കി ശ്രീധരന്‍പിള്ളയുടെ വാര്‍ത്താ സമ്മേള്ളനം. കേന്ദ്ര നേതാക്കള്‍ കൂടി എത്തുന്നതോടെ അക്രമങ്ങള്‍ക്ക് എത്രത്തോള്ളം ആഘാതം കൂടും എന്നത് കണ്ടറിയേണ്ടിരിക്കുന്നു.

യുവതി പ്രവേശനം തടയാനായി രക്തം വീഴ്ത്തി നടയടപ്പിക്കാന്‍ തന്ത്രം മെനഞ്ഞ അയ്യപ്പ കര്‍മ സേനയും, ആചാര സംരക്ഷണത്തിനായി നടയടക്കും എന്ന് പറഞ്ഞ തന്ത്രിയും ആചാര സംരക്ഷണക്കാരുടെ മുന്‍നിരയില്‍ ഉണ്ട്. എന്നാല്‍ കരിമലയില്‍ വസിച്ചിരുന്നവരെയൊക്കെ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും കുടിയിറക്കിയതായും, അവരുടെ പരമ്പരാഗത ഗബരിമല ക്ഷേത്രപരിചരണീ പിടിച്ചെടുത്തതായും ഒരു വാദം നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ വിശ്വാസിയായ യുവതി മല ചവിട്ടിയാല്‍ നടയടക്കാന്‍ തക്ക എന്ത് അധികാരമാണ് തന്ത്രി കുടുംബത്തിനുള്ളത്?

DONT MISS
Top