ശബരിമല: അയ്യപ്പ ഭക്തര്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള അജണ്ടയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ ബിജെപിക്ക് അതിനോട് യോജിക്കാന്‍ സാധിക്കില്ല. സ്ത്രീകള്‍ വരുന്നതിനെതിരെയല്ല ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെയാണ് ബിജെപിയുടെ പ്രതിഷേധം
എന്നും അദ്ദേഹം പറഞ്ഞു.

ശരണം വിളിക്കാന്‍ പാടില്ല എന്നത് നിരീശ്വര വാദികളുടെ ശ്രമമാണ്. ബിജെപി പൊലീസുകാര്‍ക്കതിരെ നിയമനടികളിലേക്ക് പോകും. പൊലീസ് സര്‍ക്കാരിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് രാജിന്റെ കേന്ദ്രമായി കേരളം മാറിയിരിയ്ക്കുകയാണ്. അധികാരത്തെ ദുരുപയോഗം ചെയ്താണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത് എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. കെ സുരേന്ദ്രന് പുലയാണെന്നുള്ള കടകംപള്ളിയുടേ പ്രസ്താവന അജ്ഞതയാണ്. കടംകംപള്ളിയും കെ സുരേന്ദ്രനും ഒരേ സമുദായക്കാരാണ്. മരണശേഷം 11 ദിവസം കൊണ്ട് പുല അവസാനിക്കും എന്ന് ശ്രീനാരയണഗുരു പറഞ്ഞിട്ടുണ്ട്. സുരേന്ദ്രനെതിരായ പ്രസ്താവനയില്‍ കടകംപള്ളി മാപ്പ് പറയണം എന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

DONT MISS
Top