ഇരുമുടിക്കെട്ട് താഴെയിട്ടത് സുരേന്ദ്രന്‍; വീഡിയോ പങ്കുവച്ച് കടകംപള്ളി (വീഡിയോ)

തിരുവനന്തപുരം: സ്റ്റേഷനില്‍ വച്ച് പൊലീസ് തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടി എന്ന കെ സുരേന്ദ്രന്റെ ആരോപണങ്ങളെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്റ്റേഷനില്‍ വച്ച് മനപൂര്‍വ്വം രണ്ട് തവണ സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് തള്ളി താഴെയിടാന്‍ ശ്രമിക്കുന്നതാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ദൃശ്യത്തില്‍ ഉള്ളത്.

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി രണ്ട് തവണയും ഇരുമുടിക്കെട്ട് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പൊലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തു എന്നും മന്ത്രി ദൃശ്യത്തോടെപ്പം പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

കെ സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹ്ന ഫാത്തിമയെ ടാഗ് ചെയ്തു ഫെയിസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

DONT MISS
Top