ശൂന്യാകാശത്തു നിന്ന് നോക്കിയാല്‍ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഇങ്ങനെയാണ്; ആദ്യ ചിത്രം പുറത്തു വിട്ട് അമേരിക്കന്‍ സാറ്റ്‌ലൈറ്റ്കമ്പനി

ദില്ലി: ഇന്ത്യയുടെ ധനകാര്യ ധൂര്‍ത്തിന്റെ പ്രതീകവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ യുടെ ആദ്യ ബഹിരാകാശ ചിത്രം പുറത്തു വിട്ടു. 597 അടി ഉയരമുള്ള പ്രതിമയുടെ ആകര്‍ഷകമായ ചിത്രം പങ്കുവെച്ചത് അമേരിക്കന്‍ സാറ്റ്‌ലൈറ്റ് സ്റ്റേഷനായ സ്‌കൈ ലാബാണ്. പ്രതിമയുടെ ബഹിരാകാശ ചിത്രത്തില്‍ നര്‍മ്മദ നദി ഒഴുകുന്നതും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് ‘സ്റ്റാച്യു ഓഫ് യൂണിറ്റി’. 2018 ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ രാജ്യത്തിനു സമര്‍പ്പിച്ചത്. ഗുജറാത്തില്‍ സാധൂ ബൈറ്റ് എന്ന ജലാശയത്തിനു നടുവിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ‘സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധ’യെ പിന്നിലാക്കിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി’ മുന്നിലെത്തിയത്.

പ്രതിമയുടെ ആകാശചിത്രം പുറത്തുവിട്ട അമേരിക്കന്‍ കമ്പനി തന്നെയാണ് 2017ല്‍ ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങള്‍ ഒറ്റദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിച്ച പിഎസ്എല്‍വി യുടെ ഭൗമചിത്രങ്ങളും പുറത്തു വിട്ടത്.

2900 കോടി ചെലവഴിച്ചാണ് നര്‍മ്മദ നദീ തീരത്ത് പ്രതിമ പണികഴിപ്പിച്ചത്. കര്‍ഷകരുടെയും ഗോത്രവിഭാഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു പ്രതിമയുടെ അനാച്ഛാദനം.

DONT MISS
Top