22 വര്‍ഷത്തെ ഇടവേളകഴിഞ്ഞ് ജാവ എത്തിയിരിക്കുന്നു, പുതിയ കളികള്‍ കാണാനും ചിലത് കാണിച്ച് പഠിപ്പിക്കാനും

ജാവ ബൈക്കുകളുടെ രണ്ടാം വരവ് ഇന്ത്യന്‍ വാഹന പ്രേമികള്‍ ആഘോഷിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡിന് ഒരു എതിരാളി എന്ന നിലയില്‍ വളരാന്‍ മറ്റ് ഇരുചക്രവാഹന നിര്‍മാതാക്കള്‍ക്ക് സാധിക്കാതെവന്നപ്പോള്‍ സാക്ഷാല്‍ മഹീന്ദ്രതന്നെ ജാവ എന്ന ചെക്ക് റിപ്പബ്ലിക്കന്‍ അതികായന്റെ ഇന്ത്യന്‍ നിരത്തുകളിലെ ആവശ്യകത തിരിച്ചറിയുകയായിരുന്നു. ബജാജ് ഡോമിനോര്‍ വിപണിയിലുള്ള ഏറ്റവും മികച്ച ബൈക്കാണെങ്കിലും എന്‍ഫീല്‍ഡുമായി ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെട്ടതില്‍ സെഗ്മെന്റിലുള്ള വ്യത്യാസവും ഒരു കാരണമാണ്.

എന്നാലിനി കളി നേര്‍ക്കുനേര്‍ ആകാം. പുതിയ ജാവ മോഡലുകള്‍ കെട്ടിലുംമട്ടിലും എന്‍ഫീല്‍ഡിനൊപ്പമോ ഒരുപടി മുകളിലോ ആണ്. ജാവ, ജാവ 42, ജാവ പെരാക് എന്നീ മോഡലുകളാണ് നിരത്തിലെത്താനൊരുങ്ങുന്നത്. എന്‍ഫീല്‍ഡിന്റെ ക്ലാസിക് മോഡലുകളോടാണ് ജാവയ്ക്കും ജാവ 42നും കൂടുതല്‍ സാമ്യം. ബുക്കിംഗ് തുടങ്ങിയിട്ടുള്ള ബൈക്കുകള്‍ ജനുവരിയോടെ ലഭിച്ചുതുടങ്ങും. പെരാക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറങ്ങാന്‍ ഒരല്‍പംകൂടി താമസിക്കുമെന്നാണ് അറിയുവാന്‍ സാധിക്കുന്നത്. പെരാക് നിലവില്‍ ബുക്ക് ചെയ്യാനും സാധിക്കില്ല.

രണ്ടാം വരവിലെ ജാവയ്ക്കും ജാവ42നും ഒരേയൊരു എഞ്ചിന്‍ വേരിയന്റ് മാത്രമാണുള്ളത്. 293 സിസി എഞ്ചിന് 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമുണ്ട്. എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ഇരട്ടക്കുട്ടികള്‍ക്ക് രണ്ട് സിലണ്ടര്‍ എഞ്ചിന്‍ കൊടുത്തുതുടങ്ങിയപ്പോള്‍ ജാവ തല്‍ക്കാലം സിംഗിള്‍ സിലണ്ടര്‍ എഞ്ചിന് മാത്രമാണ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിഎസ് 6 നിലവാരത്തിലുള്ളതാണ് എഞ്ചിന്‍. ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ദൂരയാത്രകളില്‍ അങ്ങയറ്റം ആയാസരഹിതമായി പെരുമാറാന്‍ സാധിക്കുന്നവയാണ്.

പഴയ ട്വിന്‍ സൈലന്‍സര്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പഴയ എഞ്ചിന്‍ ശബ്ദത്തിന് വ്യത്യാസം സംഭവിച്ചുവെങ്കിലും ഗാംഭീര്യമുള്ളതും മനോഹരവുമാണ്. പഴയ 2 സ്‌ട്രോക്ക് എഞ്ചിനുകളുടെ ശബ്ദം അതേപടി നിലനിര്‍ത്താന്‍ 4 സ്‌ട്രോക്ക് എഞ്ചിനുകള്‍ക്ക് സാധിക്കുകയില്ലല്ലോ. മോഡലുകള്‍ പുറത്തിറക്കുന്നതിന് മുമ്പുതന്നെ ജാവ പുതിയ മോഡലുകളുടെ ശബ്ദം പുറത്തുവിട്ടിരുന്നു. വീഡിയോ താഴെ.

ഇരുമോഡലുകള്‍ക്കും എബിഎസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിംഗിള്‍ ചാനല്‍ എബിഎസ് മാത്രമാണിത്. അടുത്ത മാര്‍ച്ചോടെ 125 സിസിക്ക് മുകളിലുള്ള എല്ലാ ബൈക്കുകള്‍ക്കും കുറഞ്ഞത് സിംഗിള്‍ ചാനല്‍ എബിഎസ് നിര്‍ബന്ധമാണ്. ഇതനുസരിച്ച് എന്നവണ്ണം നല്‍കിയിരിക്കുന്ന എബിഎസ് ഡ്യുവല്‍ ചാനല്‍ ആകാമായിരുന്നു എന്ന് ആരാധകര്‍ക്ക് തോന്നിയേക്കാം. 280എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ കാലഹരണപ്പെട്ട ഡ്രം ബ്രേക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു.

170 കിലോ ഭാരമുള്ള ബൈക്കുകളുടെ സീറ്റ് ഹൈറ്റ് 765 എംഎം, വീല്‍ ബേസ് 1369 എംഎംഉം ആണ്. 14 ലിറ്റര്‍ ഫ്യുവല്‍ടാങ്ക് തരക്കേടില്ല എന്നുപറയാം. വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റും സ്‌പോക്ക് വീലുകളും പഴയ ജാവയുമായുള്ള കൃത്യമായ സാമ്യങ്ങളാണ്.

ജാവയ്ക്കും ജാവ 42നും പ്രത്യക്ഷത്തിലും അല്ലാതെയും അത്രയധികം വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ പെരാക് അങ്ങനെയല്ല. ജാവയില്‍ത്തന്നെ അതിഷ്ഠിതമായ ഡിസൈന്‍ കമ്പനി അഴിച്ച് പണിതിരിക്കുന്നു. അതുകൊണ്ടുതന്നെ കമ്പനി കസ്റ്റമൈസ്ഡ് വെര്‍ഷന്‍ എന്ന് പെരാകിനെ വിളിക്കാം. കുറച്ചുകഴിഞ്ഞുമാത്രമേ ഈ മോഡല്‍ വിപണിയിലെത്തൂ.

എഞ്ചിനിലും പെരാകിന് വ്യത്യാസമുണ്ട്. പെരാകിന് ലഭിക്കുന്നത് ഒരു 334 സിസി 30 ബിഎച്ച്പി എഞ്ചിനാണ്. 31 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്റെ മാറ്റുകൂട്ടും. വീണ്ടും സിംഗിള്‍ സിലണ്ടര്‍ തന്നെ. മറ്റ് മോഡലുകളില്‍നിന്ന് വ്യത്യസ്തമായി ഒരു ഇരട്ടച്ചാനല്‍ എബിഎസ് പെരാകിനുണ്ട്. പിന്നില്‍ 153 എംഎം ഡിസ്‌കാണുള്ളത്.

ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയും പെരാകിന് 1.89 ലക്ഷം രൂപയുമാണ് വില. പുതിയ വിപണി സമവാക്യങ്ങള്‍ ഉരുത്തിരിയുമോ എന്നാണ് ഇനി നോക്കാനുള്ളത്.

DONT MISS
Top