അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി രണ്ടാഴ്ചത്തേയ്ക്ക സ്റ്റേ ചെയ്തു. അയോഗ്യനാക്കിയ വിധി പറഞ്ഞ അതേ ബഞ്ച് തന്നെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. തികച്ചും സാധാരണ നടപടിക്രമം എന്നുള്ള നിലയിലാണ് വിധി രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. കെഎം ഷാജിക്ക് തിരഞ്ഞെടുപ്പ് കേസില്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ ഹൈക്കോടതിയില്‍ ഇന്ന് തന്നെ നല്‍കുകയായിരുന്നു. അത് പരിഗണിച്ചാണ് അയോഗ്യനാക്കിയ വിധി പറഞ്ഞ് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം അതേ ബഞ്ച് തന്നെ സ്റ്റേ അനുവദിച്ചിരിക്കുന്നത്.

14 ദിവസത്തേക്കാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഈ രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിചിലവിനായി 50,000 രൂപ കെഎം ഷാജി കോടതിയില്‍ കെട്ടി വെയ്‌ക്കേണ്ടതുണ്ട്. പരാതിക്കാരന്റെ കോടതി ചെലവ് എന്ന നിലയിലാണ് ഈ തുക കെട്ടിവയ്ക്കുന്നത്. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആറ് വര്‍ഷത്തേക്കാണ് ഷാജിയെ അയോഗ്യനാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന കേസിലായിരുന്നു വിധി.

അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിം ലീഗിന്റെ നിയമസഭാ അംഗമായിരുന്ന ഷാജിക്ക് ഇനി ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ്‌കുമാറിന്റെ പരാതിയിലാണ് നടപടി. വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസ് നടത്തിപ്പിനായി 50000 രൂപ നികേഷ് കുമാറിന് നല്‍കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ വിധി സ്റ്റേ ചെയ്തതോടെ കെഎം ഷാജിക്ക് ഈ കാലയളവില്‍ എംഎല്‍എ സ്ഥാനം മടക്കിക്കിട്ടും.

DONT MISS
Top