ഒരു ഭാഗത്ത് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുകയും മറുഭാഗത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് അവകാശപ്പെടുകയും ചെയ്യുന്നയാളാണ് കെഎം ഷാജി; പി ജയരാജന്‍

കണ്ണൂര്‍: ചുരമിറങ്ങിയ തീവ്രവാദികള്‍ മുസ്‌ലിം ലീഗിനകത്തുണ്ട് എന്നതിന് തെളിവാണ് കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് നേതാവ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്താണ് വികസന മാതൃകയെന്നു പറഞ്ഞ നേതാവാണ് കെഎം ഷാജി.

അദ്ദേഹം ഒരു ഭാഗത്ത് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുകയാണ്. മറുഭാഗത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് അവകാശപ്പെടുകയും ചെയ്യുകയാണെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. ലീഗ് പ്രവര്‍ത്തകരെല്ലാം വര്‍ഗീയ നിലപാടുള്ളവരല്ല. എന്നാല്‍ മുസ്‌ലിം ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകള്‍ സൂക്ഷിക്കുന്ന ഇത്തരം ഒറ്റപ്പെട്ട തീവ്രവാദികളുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സി.പി.ഐ.എം ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ അതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഗീയ നിലപാടില്‍ നിന്നുകൊണ്ട് ഷാജിയെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. ഇന്നാണ് കെഎം ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ആറുവര്‍ഷത്തേക്കാണ് അയോഗ്യത.

DONT MISS
Top