നിയമനം നല്‍കാന്‍ ശുപാര്‍ശ ചെയ്തത് ഡയറക്ടര്‍ ബോര്‍ഡാണ്; മന്ത്രി കെടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് മൈനോററ്റി ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍

കെടി ജലീല്‍

കോഴിക്കോട്: മന്ത്രി കെടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് മൈനോററ്റി ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡാണ് കെടി അദീബിന് നിയമനം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനവും യോഗ്യതയും പരിഗണിച്ചു തന്നെയാണ് ശുപാര്‍ശയെന്നും ചെയര്‍മാന്‍ പ്രഫസര്‍ അബ്ദുള്‍ വഹാബ്.

ബന്ധുനിയമനത്തില്‍ കുരുങ്ങിയ മന്ത്രി കെടി ജലീലിനെതിരെ യൂത്ത് ലീഗ് ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളികൊണ്ടാണ് മൈനോററ്റി ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രഫസര്‍ അബ്ദുള്‍ വഹാബ് രംഗത്തുവന്നത്. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ മൂന്നുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തതെന്നും ഇവര്‍ക്ക് ഡെപ്യൂട്ടേഷനുവേണ്ട യോഗ്യതയുണ്ടായിരുന്നില്ലെന്നും വഹാബ് പറഞ്ഞു. കെടി അദീബിന്റെ ബാങ്കിംഗ് മേഖലയിലെ തിളക്കമാര്‍ന്ന യോഗ്യതകളും പ്രവൃത്തി പരിചയവും പരിഗണിച്ചാണ് നിയമനം നല്‍കാന്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. രേഖകള്‍ പരിശോധിച്ചാല്‍ ഈക്കാര്യങ്ങള്‍ വ്യക്തമാകും.

കമ്പനി സെക്രട്ടറി, കാലാവധി പൂര്‍ത്തീകരിച്ച് പിരിഞ്ഞ പോയതോടെ ഭരണം നിയന്ത്രിക്കേണ്ട അടിയന്തിര സാഹചര്യം ഉടലെടുത്തു. ഇതോടെയാണ് താല്ക്കാലിക നിയമനം നല്‍കാന്‍ കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായത്. ഒരുവര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമാനുസൃതവും സുതാര്യവുമാണെന്നും മൈനോററ്റി ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ അംഗങ്ങള്‍ അറിയിച്ചു. മന്ത്രി കെടി ജെലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ സമരം ശക്തമാക്കിയതോടെയാണ് മൈനോറിറ്റി കോര്‍പ്പറേഷന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top