ആചാരങ്ങള്‍ ലംഘിക്കാന്‍ കൂടിയുള്ളതാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി; മാറ്റം വരുമ്പോള്‍ യാഥാസ്ഥിതിക വിഭാഗം അതിനെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി

തൃശ്ശൂര്‍: ആചാരങ്ങള്‍ ലംഘിക്കാന്‍ കൂടിയുള്ളതാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാനത്തിനനുസൃതമായ നിലപാടാണ് കോണ്‍ഗ്രസ് മുന്‍ കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ നിലപാടില്‍ കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി ഗുരുവായൂരില്‍ പറഞ്ഞു. ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക കവാടത്തിന്റെയും അനുബന്ധ പ്രവൃത്തികളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടം. ക്ഷേത്ര പ്രവേശന സമരം ആചാരം ലംഘിച്ച് നടന്ന സമരം. ഗുരുവായൂര്‍ സത്യാഗ്രഹ സമയത്ത് ആചാരം ലംഘിക്കണം എന്ന നിലപാടാണ് അന്നത്തെ കോണ്‍ഗ്രസ് എടുത്തത്. ക്ഷേത്രം അടച്ചിട്ട ചരിത്രം ഗുരുവായൂര്‍ സത്യാഗ്രഹത്തിനുണ്ട്. കേരളത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ നടന്ന സമരങ്ങളില്‍ അന്നത്തെ ദേശീയ പ്രസ്ഥാങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരഭിപ്രായം ഇല്ലായിരുന്നു. ഇന്നത്തെ നിലയിലേക്ക് കേരളം ഉയര്‍ന്നത് തെറ്റായ ആചാരങ്ങള്‍ ലംഘിച്ച് കൊണ്ടാണ്. ആചാരം ലംഘിച്ച് കൊണ്ടാണ് ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയത്. ആചാരം ലംഘിക്കാന്‍ ഉള്ളതാണ് എന്ന് നമ്മളെ പഠിപ്പിച്ചത് നമ്മുടെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ആണ്.

നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ട് പോകാന്‍ കഴിയാതെ നിരവധി അന്ധവിശ്വാസങ്ങളാല്‍ കുടുങ്ങി കിടന്ന ഒന്നായിരുന്നു. ആചാരം ലംഘിക്കാന്‍ പാടില്ല എന്ന് പറയുന്ന കൂട്ടര്‍ ഗുരുവായൂര്‍ സത്യാഗ്രഹ ചരിത്രം മനസ്സിലാക്കുന്നത് നല്ലതാണ്. നമ്മുടെ നാട് മുന്നോട്ട് പോയപ്പോള്‍ ഒരു കൂട്ടര്‍ പിന്നോട്ട് പോയ്. വിശ്വാസത്തിന് പ്രാധാന്യം നല്‍കാത്ത കേളപ്പന്‍ സമരത്തിന് നേതൃത്വം കൊടുത്തത് എല്ലാര്‍ക്കും ആരാധിക്കാനുള്ള സ്വതന്ത്രത്തിന് വേണ്ടി. നിഷേധിക്കപ്പെട്ട അവകാശം നേടിയെടുക്കാന്‍ മുന്നില്‍ നിന്നവരാണ് കൃഷ്ണപിള്ളയും അഗഏ യും. നാട്ടില്‍ മാറ്റം വരുമ്പോള്‍ യാഥാസ്ഥിക വിഭാഗം അതിനെ എതിര്‍ക്കും. എന്നാല്‍ അതിന്റെ അവകാശ വാദം നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കാറില്ല. ചതുര്‍വര്‍ണ്യം തിരികെ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍.

ഗുരുവായൂരില്‍ എല്ലാ വിശ്വാസികളും കയറിയപ്പോള്‍ ഗുരുവായൂരപ്പന്റെ ചൈതന്യം കൂടി. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഏറ്റവും തിളക്കമുള്ള ഏടാണ് ഗുരുവായൂര്‍ സത്യാഗ്രഹം. ആചാരങ്ങള്‍ മാറ്റം ഇല്ലാത്തവയല്ല. അനാചാരങ്ങള്‍ മാറ്റിയാണ് നവോത്ഥാനത്തിന്റെ വെളിച്ചം വന്നത്. വിശ്വാസികള്‍ തന്നെയാണ് അനാചാരങ്ങള്‍ മാറ്റുന്നത്തില്‍ മുന്നില്‍ നിന്നത. ദൈവത്തിന്റെ മുന്നില്‍ മനുഷ്യന് വേര്‍തിരിവ് എന്തിനാണ്. ദൈവ നാമം ആര്‍ക്കും നിഷിദ്ധമല്ല എന്നാണ് ഹരിനാമ കീര്‍ത്തനം പറയുന്നത്. ഹരിനാമ കീര്‍ത്തനം മുഴങ്ങുന്ന ഇടമാണ് ഗുരുവായൂര്‍. അനാചാരങ്ങള്‍ പരിരക്ഷിക്കാന്‍ മറ ആക്കേണ്ട ഒന്നല്ല വിശ്വാസം’. മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top