‘#ഭരണഘടനക്കൊപ്പം’; ഡബ്ല്യൂസിസിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം

ഇന്ത്യന്‍ ഭരണഘടനക്കൊപ്പമെന്ന ഡബ്ലൂസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. “വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് ഇന്ത്യന്‍ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നടത്തുന്ന ഓരോ ഇടപെടലിനൊപ്പവും ഞങ്ങള്‍ നിലകൊള്ളുന്നു” എന്നാണ് ഡബ്ലൂസിസി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പരോക്ഷ നിലപാട് വ്യക്തമാക്കിയതാണെന്നാരോപിച്ച് വനിതാകൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനങ്ങളെത്തുകയായിരുന്നു.

സ്ത്രീകളുടെ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന സംഘടനയാണ് ഡബ്ലൂസിസി. സ്ത്രീസമൂഹത്തെ തുല്യരായി കാണാത്ത വിഷയങ്ങളില്‍ ഇതിനുമുന്‍പും ഈ കൂട്ടായ്മ പ്രതികരിച്ചിട്ടുണ്ട്. അത്തരമൊരു നിലപാട് എടുത്തതിനെതിരെയാണ് സൈബര്‍ ആക്രമണം നേരിടുന്നത്. വിശ്വാസത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നടക്കം കടുത്ത കമന്റുകളാണ് പേജില്‍ നിറയുന്നത്. എന്നാല്‍ നിലപാടിനെ അഭിനന്ദിച്ചും ഒരു വിഭാഗം എത്തിയിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഡബ്ലൂസിസി അംഗം കൂടിയായ പാര്‍വ്വതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം അധികകാലം തുടരാനാവില്ലെന്നും പാര്‍വ്വതി വ്യക്തമാക്കിയിരുന്നു.

DONT MISS
Top