“മോദി സൂപ്പര്‍ പക്ഷേ കേന്ദ്രം കാണിച്ചത് ശരിയായില്ല, കമ്യൂണിസ്റ്റുകാര്‍ എടിഎം കാലിയാക്കുന്നു, നോട്ടിനുള്ളലെ ചിപ്പ്”, നോട്ട് നിരോധനം മറന്നാലും മറക്കില്ല ഇവയൊന്നും

നോട്ട് നിരോധനം വന്ന മാസങ്ങള്‍ സംഭവബഹുലമായിരുന്നു. പൊതുജനങ്ങള്‍ നോട്ടുകള്‍ക്കായി നെട്ടോട്ടമോടിക്കൊണ്ടിരുന്നപ്പോള്‍ ഏക ആശ്വാസം ബിജെപി നേതാക്കള്‍ ഇടയ്ക്കിടെ വിളിച്ചുപറയുന്ന മണ്ടത്തരങ്ങളായിരുന്നു. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും കേന്ദ്ര നേതാക്കളുമെല്ലാം നോട്ട് നിരോധനം എന്ന വിഷയത്തെ അന്ധമായി ന്യായീകരിച്ചപ്പോള്‍ സംഘ അനുകൂലികള്‍ ജിപിഎസ് നോട്ടുമായി രംഗത്തിറങ്ങി.

പരിമിതപ്പെടുത്തിയ എണ്ണം നോട്ടുകള്‍ മാത്രം എടുത്ത് ജനങ്ങള്‍ നട്ടം തിരിഞ്ഞപ്പോള്‍ എടിഎമ്മുകള്‍ കാലിയായി. നോട്ടുകള്‍ നിറയ്ക്കുമ്പോഴേ എടിഎമ്മുകള്‍ക്കുമുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷമാകും. പിന്നെ ആദ്യം നില്‍ക്കുന്ന ഏതാനും പേര്‍ക്ക് നോട്ട് ലഭിച്ചതിനുശേഷം അത് വീണ്ടും കാലിയാകും. ക്യൂ നില്‍ക്കുന്നതാകട്ടെ പൊരിവെയിലിലും. ആളുകള്‍ കുഴഞ്ഞുവീണു മരിച്ച സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി.

സംഭവങ്ങള്‍ക്കിടെ ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസാണ് എടിഎം കാലിയാകുന്നതിന് പുതിയൊരു കാരണം കണ്ടെത്തിയത്. കമ്യൂണിസ്റ്റുകാരാണത്രെ എടിഎം കാലിയാക്കുന്നത്. മോഹന്‍ ദാസ് പറയുന്നത് ഇങ്ങനെ കാലിയാക്കാന്‍ നാലും അഞ്ചും എടിഎം കാര്‍ഡുകളുമായിട്ടാണ് കമ്യൂണിസ്റ്റുകാര്‍ പോകുന്നതെന്നാണ്. ഇത്തരത്തില്‍ തീര്‍ത്തും പരിഹാസ്യമായ ചില കമന്റുകളും കാണാറായി.

മോദിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് തെറ്റായിപ്പോയി എന്ന അഭിപ്രായവുമായി വന്ന യുവാവ് സോഷ്യല്‍ മീഡിയയെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. എടിഎമ്മില്‍ ക്യൂ നിന്ന് പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ഇങ്ങനെ മോദിയെ പുകഴ്ത്തിയതും കേന്ദ്ര സര്‍ക്കാറിനെ ഇകഴ്ത്തിയതും. ഇത് പിന്നീട് നിരവധി ട്രോളുകള്‍ സൃഷ്ടിച്ചു.

സുരേന്ദ്രന്‍ ആരാധകരുടെ സോഷ്യല്‍ മീഡിയ പേജ് നോട്ടിനുള്ളില്‍ ചിപ്പ് കണ്ടെത്തി പ്രചരിപ്പിച്ചിരുന്നു. 2000 രൂപാ നോട്ട് കീറി അതില്‍നിന്ന് എന്തോ സംഗതി പുറത്തെടുത്ത് ഇത് ചിപ്പാണെന്നുപറഞ്ഞ് പ്രചരിപ്പിച്ചു. എന്നാല്‍ ഉളുപ്പ് ലവലേശം പ്രകടിപ്പിക്കാതെ ഇപ്പോഴും അവര്‍ വീഡിയോ കളഞ്ഞിട്ടില്ല.

മറ്റനേകം പ്രസംഗങ്ങളും ഈ കാലയളവിലുണ്ടായി. എല്ലാം നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ടുള്ളവ. എന്നാല്‍ പിന്നീട് പലരും ഈ ന്യായീകരണങ്ങള്‍ ഔദ്യോഗിക പേജുകളില്‍ നിന്നും കളയുകയുണ്ടായി.

DONT MISS
Top