സമനിലപ്പൂട്ട് പൊളിച്ചപ്പോള്‍ ലഭിച്ചത് തോല്‍വി; ആരാധകര്‍ക്ക് കടുത്ത നിരാശ


കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരാജയം നുണഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്‌സ്. സമനിലയില്‍ പിരിയുന്ന സ്ഥിരം പതിവ് തെറ്റിച്ചപ്പോള്‍ ടീമിന് ലഭിച്ചത് പരാജയം. ബംഗളുരു എഫ്‌സിയടോയ് രണ്ടിനെതിരെ ഒരു ഗോളടിച്ചാണ് കേരളം തോറ്റത്. സീസണിലെ ടീമിന്റെ ആദ്യ തോല്‍വിയാണിത്.

ഒന്നാം പകുതിയില്‍ ഛേത്രിയുടെ ഗോളില്‍ മുന്നിലെത്തിയ ബംഗളുരുവിനെ സ്‌റ്റോയനോവിച്ചിന്റെ പെനാല്‍റ്റി ഗോളില്‍ കേരളം സമനിലയില്‍ പിടിച്ചു. തുടര്‍ന്ന് വിരസമായ കളി കാഴ്ച്ചവച്ച ടീമുകള്‍ ഗോള്‍ നേടുക എന്ന ലക്ഷ്യം മറന്നുതുടങ്ങി.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ലൈറ്റുകള്‍ കളിക്കിടയില്‍ പണിമുടക്കിയത് ഇതിനിടയില്‍ മറ്റൊരു നാണക്കേടായി. ആദ്യം ഭാഗികമായും പിന്നീട് പൂര്‍ണമായും അണഞ്ഞ വിളക്കുകള്‍ സ്റ്റേഡിയത്തെ അന്ധകാരത്തിലാഴ്ത്തി. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതെ സാങ്കേതിക പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തപ്പോള്‍ കാണികള്‍ പക്വതകാട്ടിയത് ശ്രദ്ധേയമായി.

പിന്നീട് കൂടുതല്‍ ഊര്‍ജസ്വലരായി കളിച്ചുതുടങ്ങിയ ഇരുടീമുകളും ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. അവസാനം കളിതീരാന്‍ പത്ത് മിനുട്ടുകള്‍ ബാക്കിനില്‍ക്കെ ബ്ലാസ്റ്റേഴ്‌സ് സെല്‍ഫ് ഗോളടിച്ച് സ്വന്തം ടീമിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു. ഹെര്‍ണാണ്ടസിന്റെ ഷോട്ട് ഗോളി തടഞ്ഞുവെങ്കിലും ക്രാമരവിച്ച് പന്തിനെ തിരിച്ച് പോസ്റ്റിലേക്കുതന്നെ വിടുകയായിരുന്നു.

പ്രശാന്ത് നല്‍കിയ ഒരൊന്നാന്തരം പാസ് സികെ വിനീത് ഗോളാക്കാതെ പാഴാക്കിയതായിരുന്നു ആരാധകരെ കൂടുതല്‍ നോവിച്ച നിമിഷം. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് ക്രോസ് ചെയ്യണോ ഷോട്ട് ഉതിര്‍ക്കണോ എന്ന തീരുമാനമെടുക്കാനാകാതെ വിനീത് അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ ചൊരുക്ക് എതിര്‍ കളിക്കാരനോട് തീര്‍ക്കാനും അദ്ദേഹം ശ്രമിച്ചു.

അഞ്ച് മത്സരങ്ങളില്‍നിന്ന് 13 പോയന്റോടെ ബംഗളുരു ഒന്നാമതെത്തി. ആറ് മത്സരങ്ങില്‍നിന്ന് വെറും ഏഴ് പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരുന്നു. ഞായറാഴ്ച്ച ഇതേ വേദിയില്‍ ഗോവയെ നേരിടുമ്പോഴും ഇതേ സമീപനമാണ് ടീമിന്റേത് എങ്കില്‍ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷക്കണക്കിന് ആരാധകരോട് കണക്ക് പറയേണ്ടിവരികതന്നെ ചെയ്യും.

DONT MISS
Top