ഈ പെണ്‍ കരുത്തില്‍ സ്വന്തമാക്കിയത് ഒരേക്കര്‍ കൃഷിയിടം

തൊരു കഥയല്ല, കടങ്ങളും ബാങ്ക് വായ്പ്പകളും കുന്നുകൂടിയപ്പോള്‍ തളരാതെ മുന്നിട്ടിറങ്ങിയ അഞ്ച് വീട്ടമ്മമാരുടെ ജീവിതമാണ്. ഓരോ ദിവസവും ഉണരുന്നത് തന്നെ ഇന്ന് പച്ചക്കറി വിത്ത് പാകണം, വളമിടണം, കപ്പതോട്ടത്തിലെ കളപറിക്കണം എന്നെല്ലാം ചിന്തിച്ചുകൊണ്ടാണ്. ഇതിനെല്ലാം ഇടയില്‍ പ്രകൃതിക്ഷോഭം വന്നാല്‍ സ്വപ്നങ്ങളത്രയും നിമിഷനേരം കൊണ്ട് ഇല്ലാതാകും.

ഒന്നുമില്ലായ്മയില്‍ നിന്നും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാനായ പലര്‍ക്കും പറയുവാനുണ്ടാവും ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുത്ത കൈപ്പേറിയ അനുഭവങ്ങള്‍. വയനാട് പടിഞ്ഞാറത്തറയിലെ കുടുംബശ്രീ പ്രവര്‍ത്തകരായ ഒരു കൂട്ടം സ്ത്രീകള്‍ക്കും പറയാനുണ്ട് കഷ്ടപ്പെട്ട് സ്വന്തമാക്കിയ ഒരേക്കര്‍ കൃഷിയിടത്തിന്റെ കഥ. ഈ കഥയില്‍ അഞ്ച് നായികമാരാണുള്ളത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിലെ അഞ്ച് പേര്‍.

പെണ്‍ കൂട്ടായ്മയിലെ എല്ലാവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായിരുന്നു. സ്വന്തമായി അധ്വാനിച്ച് പണം കണ്ടെത്തണമെന്ന ആഗ്രഹമാണ് കൃഷിയിലേക്ക് വഴിതിരിച്ചുവിട്ടത്. മണ്ണ് ചതിക്കില്ലെന്ന വിശ്വാസത്തില്‍ കൈക്കോട്ടുമായി സധൈര്യം മുന്നിട്ടിറങ്ങുകയായിരുന്നു. തുടക്കത്തില്‍ കുടുംബശ്രീയില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായമുപയോഗിച്ചാണ് ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ആരംഭിച്ചത്.

തൂമ്പ പിടിക്കാന്‍ പുരുഷന്‍മാര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്ന് പറഞ്ഞ് പരിഹസിച്ചവരും ഏറെയായിരുന്നു. മണ്ണ് ചതിക്കില്ലെന്ന വിശ്വാസത്തില്‍ എല്ലാ പരിഹാസങ്ങളെയും അവഗണിച്ച് പാടത്തിറങ്ങി. നെല്ല്, വാഴ, ഇഞ്ചി, ചേന എന്നുതുടങ്ങി ഒരുവിധം എല്ലാ കൃഷിയും പരീക്ഷിച്ചു. തുടക്കകാലം മുതല്‍ ഇതുവരെ നെല്‍ കൃഷിയെ കൈവിട്ടിട്ടില്ല. ആലീസിന്റേയും സുബൈദയുടേയും നേതൃത്വത്തിലാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നതിനാല്‍ വിളവെടുപ്പിന്റെ പകുതി ഉടമസ്ഥന് നല്‍കണമായിരുന്നു. അത് വലിയ നഷ്ടവുമായിരുന്നു. അന്നു മുതലുള്ള ലക്ഷ്യമായിരുന്നു സ്വന്തമായൊരു കൃഷിയിടം വേണമെന്നത്. പിന്നീട് പലപ്പോളായി ലഭിച്ച ധനസഹായവും, സംമ്പാദിച്ച പണവും, സ്വര്‍ണവും, ലോണും എല്ലാം കൂട്ടിച്ചേര്‍ത്ത് ലക്ഷ്യത്തിലെത്തി. പടിഞ്ഞാറത്തറ താവരയില്‍ ഏഴ് ലക്ഷം രൂപ മുതല്‍ മുടക്കി ഒരേക്കര്‍ വയല്‍ സ്വന്തമാക്കി. ഒരേക്കര്‍ വയലില്‍ ഇപ്പോള്‍ രണ്ടായിരത്തോളം കപ്പയുമുണ്ട്.

ഇതുകൂടാതെ ഓരോരുത്തര്‍ക്കും വീട്ടില്‍ സ്വന്തമായി അടുക്കള തോട്ടവുമുണ്ട്. പയര്‍, തക്കാളി, വഴുതനങ്ങ, കാബേജ്, കോളീഫ്‌ളവര്‍, ചീര, പാവക്ക, പടവലം, പച്ചമുളക്, മത്തന്‍, എന്നുതുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ മിക്ക പച്ചക്കറിയും സ്വന്തമായി കൃഷി ചെയ്യുന്നുണ്ട്. നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കാന്‍ കഴിഞ്ഞ ഇവര്‍ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതായുണ്ട്. സ്വപ്‌നത്തിന്റെ അറ്റം തൊടാനുള്ള യാത്രയിലാണിവര്‍.

DONT MISS
Top