വീണ്ടും സമനില; നിരാശ സമ്മാനിച്ച് ബ്ലാസ്റ്റേഴ്‌സ്

അഞ്ച് കളികളില്‍ തുടര്‍ച്ചയായ നാലാം കളിയിലും ബ്ലാസ്‌റ്റേഴ്‌സിന് സമനില. പൂണെയുമായി നടന്ന മത്സരമാണ് 1-1 എന്ന ഗോള്‍ നിലയില്‍ അവസാനിച്ചത്. നിര്‍ഭാഗ്യമായും റഫറിയുടെ പിഴവുകൊണ്ടുമെല്ലാം എന്ന് കാരണങ്ങള്‍ നിരത്താമെങ്കിലും ഫലെമെത്തിയപ്പോള്‍ പഴയ സമനിലയില്‍ കൂടുതലൊന്നും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചില്ല.

ആദ്യ പകുതിയില്‍ പൂണെ നേടിയ ഗോള്‍ പതിമൂന്നാം മിനുട്ടിലായിരുന്നു പിറന്നത്. മാര്‍കോ സ്റ്റാന്‍കോവിച്ചായിരുന്നു ഗോള്‍ ശില്‍പി. എന്നാല്‍ തുടര്‍ന്ന് കണ്ടത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണമാണ്. മുന്നേറ്റ നിരയ്ക്ക് നിരന്തരം പന്തുലഭിച്ചുകൊണ്ടേയിരുന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുസമദ് മികച്ച രീതിയില്‍ പന്ത് കൈകാര്യം ചെയ്തതിനാല്‍ത്തന്നെ കളി ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയില്‍നിന്നു. എന്നാല്‍ വേണ്ടതുമാത്രം ലഭിച്ചില്ല. 41-ാം മിനുട്ടില്‍ ഗോള്‍ പിറന്നെങ്കിലും റഫറി അത് അനുവദിച്ചില്ല. കാണികളെയും പ്രേക്ഷകരെയും അതിശയിപ്പിച്ച നിലവാരമാണ് റഫറി കളിയിലുടനീളം കാഴ്ച്ചവച്ചത്.

കളിയില്‍ 66% സമയത്തും പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. 14 കോര്‍ണറുകളും ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചു.

ഗോള്‍ ലഭിക്കാതെ നിരാശനായ ബ്ലാസ്‌റ്റേഴ്‌സ് താരം കിര്‍മാരെവിച്ച് തന്നെ 61-ാം മിനുട്ടില്‍ ഗോള്‍ നേടി സമനിലയില്‍ കളിയെത്തിച്ചു. അതിനിടെ കേരളത്തിന് എതിരായി ലഭിച്ച ഒരു പെനാല്‍റ്റി പൂണെ തുലച്ചുകളഞ്ഞതും രക്ഷയായി.  ലീഗില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. പൂണെ ഒമ്പതാം സ്ഥാനത്തും. അഞ്ചാം തിയതി കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സും ബംഗളുരുവും തമ്മില്‍ ഏറ്റുമുട്ടും.

DONT MISS
Top