ഇവിടെ പഞ്ചവര്‍ണങ്ങള്‍ കഥപറയുന്നു

ഞ്ചവര്‍ണങ്ങള്‍ വിതറിയ ചിത്രരചനാ ശൈലിയിലൂടെ വ്യത്യസ്ഥനാവുകയാണ് മൂലങ്കാവ് അമ്പാട്ടുമേപ്പുറം വീട്ടില്‍ പ്രസാദ് ബത്തേരി. നിറങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന രഹസ്യം തേടിയുള്ള പ്രസാദിന്റെ യാത്ര തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടു. നിറക്കൂട്ടുകളുടെ ലോകത്ത് ജീവിക്കുന്ന ഈ കലാകാരന്‍ പൗരാണിക ഗുഹാ ചിത്രങ്ങളെ പുനര്‍ജനിപ്പിച്ചുകൊണ്ട് ഗുഹാചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രീക്ക്, ഇന്ത്യന്‍, പേര്‍ഷ്യന്‍ എന്നിവയെല്ലാം സമന്വയിപ്പിച്ചാണ് ഈ ഗുഹാ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ ബോധികലയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.

പത്ത് വയസു മുതല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയ പ്രസാദ് പൂക്കോട് ശ്രീനാരായണ ഗുരുകുലത്തിലെ ആശ്ചര്യാചാര്യരുടെ ശിക്ഷണത്തിലാണ് ചിത്രകലയുടെ ബാലപാഠങ്ങള്‍ മനസിലാക്കിയത്. പിന്നീട് ശില്‍പ്പകലയിലും പ്രാവിണ്യം നേടി. ചുവര്‍ചിത്രകലയില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പഠനങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് പ്രസാദ്. ഭാവഗീതാദ്മകമായ രചനാ സമ്പ്രദായമായ വൈനിക ശൈലി അഥവ പഞ്ചവര്‍ണ പ്രയോഗമാണ് പ്രസാദിന്റെ ചിത്രങ്ങള്‍ മിഴിവുറ്റതാക്കുന്നത്. സത്യ, വൈനിക, നാഗര, മിശ്ര എന്നിങ്ങനെ നാല് വ്യത്യസ്ഥ തരം രചനാ ശൈലിയാണുള്ളത്. ചതുര്‍വിത ചിത്രണ ശൈലികള്‍ എന്നാണിവ അറിയപ്പെടുന്നത്. നാല് രീതിയിലും ചിത്രം ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വൈനിക രചനാ രീതിയിലാണ്.

അതിപുരാതന കാലത്തെ അമ്പലങ്ങളിലും, കൊട്ടാരങ്ങളിലും, തറവാടുകളിലുമായിരുന്നു ചുമര്‍ചിത്രങ്ങള്‍ വരച്ചിരുന്നത്. ഓരോ രൂപങ്ങള്‍ക്കും അതിന്റെതായ ധ്യാന ശ്ലോകങ്ങളുണ്ട്. ചിട്ടയോടുകൂടി ചെയ്യേണ്ട ഒരു കലാരൂപമാണിത്. വ്രതാനുഷ്ഠാനത്തോടുകൂടിയാണ് ചുമര്‍ ചിത്രം അഭ്യസിക്കുന്നത്. ഇതില്‍ ഏറ്റവും അവസാനമാണ് കണ്ണ് വരയ്ക്കാറ്. ചുമരില്‍ ചിത്രം വരയ്ക്കുമ്പോള്‍ മറ്റു ചിത്ര കലകളെപ്പോലെ നിറങ്ങള്‍ യോജിപ്പിക്കാന്‍ പ്രയാസമാണ്. ഒരുപാട് ബിന്ദുക്കളുപയോഗിച്ചാണ് പല നിറങ്ങളുടെയും ഷെയ്ഡുകള്‍ ചെയ്യുന്നത്. വരക്കുന്ന ചിത്രങ്ങള്‍ക്ക് പോസിറ്റിവ് എനര്‍ജി വരുന്നതിന് പിന്നില്‍ ആറ് രഹസ്യങ്ങളുമുണ്ട്. ഷഡ്ഗുണങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്. ഇവയുടെ കൃത്യമായ സമന്വയത്തിലൂടെ ചിത്രങ്ങള്‍ക്ക് പ്രത്യേക ചൈതന്യം കൈവരും. പഞ്ചവര്‍ണങ്ങളായ ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ്, വെള്ള എന്നിവയിലധിഷ്ടിതമാണ് ഈ രഹസ്യം. ചിത്രരചനയില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തിയത് പഞ്ചഭൂതങ്ങള്‍ എന്ന ആശയമാണെന്നും രൂപമില്ലാത്തതും ചിന്തക്കതീതവുമായ കാര്യത്തെ ക്യാന്‍വാസിലാക്കാന്‍ പഞ്ചഭൂതങ്ങളുടെ ജീവനാണ് അഞ്ച് നിറങ്ങളെന്ന അറിവ് കൂടിയേ തൂരുമെന്നും പ്രസാദ് പറയുന്നു.

മുന്ന് വര്‍ഷത്തോളം ചിത്രകലാ അധ്യാപകനായി ജോലി ചെയ്‌തെങ്കിലും ഒരു കലാകാരനെന്ന നിലയില്‍ സ്വതന്ത്രമായി സ്വന്തമായി ജോലിചെയ്യുക എന്ന ആഗ്രഹംകൊണ്ട് ബത്തേരിയില്‍ എവണ്‍ ആര്‍ട്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. ചിത്രകലയിലെ അറിവ് പകര്‍ന്ന് കൊടുക്കുവാന്‍ ഇവിടെ പരിശീലന കളരിയും നടക്കുന്നുണ്ട്. ചിത്രകലക്ക് പുറമെ ശില്‍പ്പകലയിലും പ്രസാദ് പ്രാവിണ്യം നേടിയിട്ടുണ്ട്. വയനാടിന്റെ പൂഷ്‌പോത്സവമായ പൂപ്പൊലിയിലെ കലയും ഇദ്ദേഹത്തിന്റേതാണ്. പഴയ ചിത്രങ്ങളുടെ ശേഖരണത്തിനായി ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. അറുതോളം ചിത്രപ്രദര്‍ശനങ്ങളാണ് ഇതുവരെ ഇന്ത്യയിലാകെ നടത്തിയിട്ടുള്ളത്.

ലോകത്തിലെ മികച്ച കലാസൃഷ്ടിയായി എബിസി തിരഞ്ഞെടുത്ത യാസ് വാട്ടര്‍ വേള്‍ഡ് എന്ന നിര്‍മിതിയില്‍ പ്രസാദും പങ്കാളിയാണ്. പല രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച മുപ്പത് ചിത്രകാരന്‍മാരുടെ മാസങ്ങള്‍ നീണ്ട പ്രയത്‌ന ഫലമായാണ് ഒരു ലക്ഷം സ്‌ക്വയര്‍ മീറ്ററില്‍ 140 അടി ഉയരത്തില്‍ യാസ് വാട്ടര്‍ വേള്‍ഡ് തീര്‍ത്തത്. തകര്‍ച്ചക്കുശേഷമുള്ള ഇസ്രായേല്‍ നഗരത്തിന്റെ കാഴ്ച്ചയാണ് യാസ് വാട്ടര്‍ വേള്‍ഡിന്റെ ആശയം. ആറ് വര്‍ഷം മുമ്പാണിത് പണിതുയര്‍ത്തിയത്. മീനുകളുടെ പ്രണയം എന്ന പേരില്‍ മുപ്പതോളം ചിത്രങ്ങളും പ്രദര്‍ശനത്തിനായി വരച്ചിരുന്നു. മീനുകളുടെ പ്രണയം പറയുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. തമിഴ്‌നാട്ടിലെ ഏഴാം തരത്തിലെ മലയാളം പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. കേരളത്തിലെ ചുവര്‍ചിത്രകല എന്ന പാഠഭാഗത്തും ചിത്രങ്ങളോടുകൂടിയ വിവരണവുമുണ്ട്.

പഴശ്ശി ട്രസ്റ്റിന്റെ പഴശ്ശിരാജാ അവാര്‍ഡ്, വനം വകുപ്പിന്റെ അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങളാണ് ഈ അമ്പതുകാരനെ തേടിയെത്തിയിട്ടുള്ളത്. കൂടാതെ, മൂന്ന് മാസം മുമ്പ് കേരള സംഗീത നാടക അക്കാദമി ആദരിച്ചു. കലയിലുള്ള മികച്ച സംഭാവനകള്‍ക്ക് ഇദ്ദേഹത്തെ കലാകാരന്‍മാരുടെ സംഘടനയായ നന്മയും ആദരിച്ചിട്ടുണ്ട്. കലയൊരു സംസ്‌ക്കാരമാണ്. കഴിഞ്ഞ കാലങ്ങളിലെ സാംസ്‌കാരിക മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലും കൂടിയാണ് ചിത്രകല. പുതുതലമുറക്ക് ഇത്തരം പഴയ ആശയങ്ങള്‍ കൈമാറേണ്ട ധര്‍മവും ചിത്രകാരനുണ്ടെന്നും പ്രസാദ് ബത്തേരി പറഞ്ഞു.

DONT MISS
Top