കായല്‍ ടൂറിസത്തിന് ഉണര്‍വേകാന്‍ വിപുലമായ പദ്ധതികള്‍; ബാക്ക് ടു വാട്ടേഴ്‌സ് ക്യാംപെയിനിന് നാളെ തുടക്കമാകും

ആലപ്പുഴ: ആലപ്പുഴയിലെ കായല്‍ ടൂറിസത്തിന് ഉണര്‍വേകാന്‍ വിപുലമായ പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഇതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ് ക്യാംപയിന് നാളെ തുടക്കമാകും. നൂറിലധികം ഹൗസ് ബോട്ടുകള്‍ അണിനിരക്കുന്ന ഹൗസ് ബോട്ട് റാലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ജില്ലകളിലൊന്നാണ് ആലപ്പുഴ. ഇവിടുത്തെ കായല്‍ ടൂറിസം മേഖലയെയും പ്രളയം  കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. നൂറ് കണക്കിന് ഹൗസ് ബോട്ട് കളും, ചെറുബോട്ട് കളും നിശ്ചലമായി. ആയിരക്കണക്കിന് തൊഴിലാളികളും, അവരുടെ കുടുംബങ്ങളും പട്ടിണിയിലകപ്പെട്ടു.

ആലപ്പുഴയുടെ സാമ്പത്തിക മേഖലയില്‍ വലിയ സംഭാവന നല്‍കിയിരുന്ന കായല്‍ ടൂറിസം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. കായല്‍ ടൂറിസത്തിന് പുത്തനുണര്‍വേകാന്‍ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ് എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നൂറി ലധികം ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും അണിനിരക്കുന്ന ബോട്ട് റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക.

രാവിലെ 10.30 ന് പുന്നമടക്കായലില്‍ നടക്കുന്ന ബോട്ട് റാലി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരളീയ തനത് കലാരൂപങ്ങളും റാലിക്ക് മിഴിവേകും. ലോക വിനോദ സഞ്ചാര മേഖലയിലെ അപൂര്‍വ്വ കാഴ്ചകളിലൊന്നായി ഇത് മാറുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. റാലിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി 3 മണിക്കൂര്‍ നേരം സൗജന്യ ഹൗസ് ബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്. പുതിയ പദ്ധതികളുമായി കായല്‍ ടൂറിസം മേഖലയിലെ പ്രതിസന്ധിയും അതിജീവിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്‌.

DONT MISS
Top