കനത്ത പരാജയത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ബ്ലാസ്റ്റേഴ്‌സ്; വീണ്ടും സമനില


ജംഷഡ്പൂര്‍: ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് കളി സമനിലയില്‍ അവസാനിപ്പിച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങുന്നത്. ലഭിച്ച പെനാല്‍റ്റി തുലച്ചുകളഞ്ഞ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെതിരെ അര്‍ഹിച്ച സമനിലയാണ് നേടിയെടുത്തത്.

71-ാം മിനുട്ടില്‍ സ്‌റ്റോയനോവിച്ചും 85-ാം മിനുട്ടില്‍ സികെ വിനീതുമാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോര്‍ഡിന് വിനീത് അര്‍ഹനായി. 11 ഗോളുകള്‍ നേടിയ വിനീത് 10 ഗോളുകള്‍ കൈവശമുള്ള ഇയാന്‍ ഹ്യൂമിനെയാണ് പിന്നിലാക്കിയത്.

69-ാം മിനുട്ടില്‍ മൈതാനത്തിറങ്ങി രണ്ട് ഗോളുകള്‍ക്ക് വഴിവച്ച സെയ്മിന്‍ലെന്‍ ദുംഗലാണ് മത്സരം കേരളത്തിന് അനുകൂലമായി വഴിതിരിച്ചത്. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി ഹാട്രിക് നേടിയ ദുംഗല്‍ ഇത്തവണ കേരളത്തിനായി ബൂട്ടുകെട്ടിയത് ടീമിനുമുഴുവന്‍ നേട്ടമായി എന്ന് അരക്കിട്ടുറപ്പിച്ച പ്രകടനമാണ് മൈതാനത്ത് കണ്ടത്. രണ്ടാം തിയതി പൂനെയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

DONT MISS
Top