മലബാറില്‍ ഇനി ചെമ്പട്ടണിഞ്ഞ തെയ്യങ്ങളുടെ കാലം

തുലാമാസം പിറന്നതോടെ ഉത്തരമലബാറിലെ കാവുകളും ഉണര്‍ന്നു കഴിഞ്ഞു. കാവുകളില്‍ ഇനി തെയ്യങ്ങളുടെ കാലമാണ്. കാലാന്തരങ്ങള്‍ക്കപ്പുറം രൂപപ്പെട്ടു വന്ന അനുഷ്ടാനങ്ങളും ആചാരങ്ങളും ഒരു ദേശത്തിന്റെ സംസ്‌കാരവും അടയാളവുമായി മാറുകയായിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കോ മനുഷ്യബന്ധങ്ങള്‍ക്കോ യാതാരു വിലയും കല്പിക്കാത്ത ഈ ഹൈടെക് യുഗത്തിലും പല സ്ഥലങ്ങളിലും സ്ഥിരതാമസമാക്കിയ ആളുകള്‍ എല്ലാ തിരക്കുകളും മാറ്റി വച്ച് മേളങ്ങളുടെ താളത്തിനൊപ്പം ചുവട് വച്ച് ഉറഞ്ഞാടുന്ന രുദ്രമൂര്‍ത്തികള്‍ക്ക് മുമ്പില്‍ എത്തി കൈകള്‍ കൂപ്പി കുമ്പിടുന്നു. തലയില്‍ കൈവച്ച് അനുഗ്രഹിക്കുമ്പോള്‍ അത് സാന്ത്വനവും സായൂജ്യവുമാകുന്നു.

ഏകദേശം 500 ഓളം തെയ്യങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. എങ്കിലും 120 ഓളം തെയ്യങ്ങളാണ് സാധാരണയായിട്ടുള്ളത്. വൃക്ഷാരാധന, പര്‍വ്വതാരാധന, അമ്മദൈവാരാധന, എന്നിങ്ങനെ പല ആരാധനാ രീതികളുടെയും സമന്വയമാണ് തെയ്യം. അവര്‍ണസമുദായത്തില്‍പ്പെട്ടവരാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. എന്നാല്‍ ആ ദൈവങ്ങളെ സവര്‍ണരും വണങ്ങി നില്ക്കുന്നു. വണ്ണാന്‍, മലയന്‍, പാണന്‍, പുലയന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, തുടങ്ങിയ, സമുദായത്തില്‍പ്പെട്ടവരാണ് തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നത്. ഓരോ സമുദായവും തോറ്റം, ചമയം, നിറങ്ങള്‍, നൃത്തരീതി എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.

തെയ്യങ്ങളുടെ ചമയങ്ങള്‍,  മുഖത്തെഴുത്ത്, മെയ്യെഴുത്ത് എന്നിങ്ങനെയാണ്.  ദേവതകളുടെ രൂപവൈവിധ്യങ്ങള്‍ക്ക് ഈ ചമയങ്ങള്‍ കാരണമാകുന്നു. അരിച്ചാന്ത്, മഞ്ഞള്‍, ചുവപ്പ് മഷി, മനയോല, മുതലായവയാണ് ചമയങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. തലച്ചമയങ്ങളില്‍ ഏറ്റവും പ്രധാനം മുടിയാണ്. ദേവന്‍മ്മാരുടെ കിരീടത്തിനു തുല്യമാണ് മുടി. കുരുത്തോല കൊണ്ട് അലങ്കരിച്ചതോ, തുണി കൊണ്ട് അലങ്കരിച്ചതോ ആയിരിക്കും.

തെയ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങലും അനുഷ്ഠാനങ്ങളും നിലനില്ക്കുന്നുണ്ട്. അടയാളം കൊടുക്കലാണ് തെയ്യത്തിന് മുമ്പുള്ള ആദ്യ ചടങ്ങുകളിലൊന്ന്. തെയ്യത്തിനുള്ള തിയ്യതി നിശ്ചയിച്ച് കോലക്കാരനെ, അതായത് തെയ്യം കെട്ടുന്ന ആളെ കോലം കെട്ടാന്‍ ഏല്പിക്കുന്ന ചടങ്ങാണിത്. ചില തെയ്യങ്ങള്‍ക്ക് വ്രതമെടുക്കേണ്ടതായിട്ടുണ്ട്. വ്രതമെടുക്കേണ്ട കോലങ്ങളാണെങ്കില്‍ വ്രതാനുഷ്ടത്തോടെ ആരംഭിക്കും. മൂന്നു ദിവസം, അഞ്ചു ദിവസം, ഏഴു ദിവസം എന്നിങ്ങനെയാണ് വ്രതാനുഷ്ടാനത്തിന്റെ ദിവസക്രമം.

തെയ്യത്തിനു മുമ്പായി നടത്തുന്ന ഒരു അനുഷ്ടാനമാണ് വെള്ളാട്ടം. തലേ ദിവസം കോലക്കാരന്‍ ചെറിയ തോതില്‍ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അവസാനഘട്ടത്തില്‍ ഉറഞ്ഞു തുള്ളി നര്‍ത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ കലാകാരനും മറ്റുള്ളവരും കൂടി പാടുന്ന പാട്ടിനെ തോറ്റം പാട്ട് എന്നാണ് പറയുക.

ചെണ്ട, ഇലത്താളം, കുഴല്‍ എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങള്‍ പുലയര്‍ തുടങ്ങിയ സമുദായക്കാര്‍ തുടിയും ഉപയോഗിക്കാറുണ്ട്. തോറ്റം പാട്ടുകളിലൂടെയാണ് തെയ്യത്തിന്റെ ഉത്ഭവവും മറ്റ് പ്രത്യേകതകളും വിവരിക്കുന്നത്. തോറ്റമോ വെള്ളാട്ടമോ ഇല്ലാത്ത തെയ്യങ്ങള്‍ക്ക് കൊടിയില വാങ്ങുന്ന ചടങ്ങു മാത്രമേ കാണുകയുള്ളു. വര്‍ഷത്തിലൊരിക്കലാണ് കാവുകളിലും മറ്റും തെയ്യം കെട്ടിയാടുന്നത്.

മലബാറിന്റെ സാമൂഹ്യ ചരിത്രത്തില്‍ തെയ്യത്തിന് പ്രത്യേകസ്ഥാനമുണ്ട്. ഓരോ തെയ്യത്തിന്റെ പിറവിയിലും ഓരോ കഥകള്‍ നിലനില്ക്കുന്നുണ്ട്. ജാതി, മത ഭേതമന്യേയാണ് ആളുകള്‍ തെയ്യം കാണാന്‍ കാവുകളില്‍ എത്തിച്ചേരാറുള്ളത് എന്നതാണ് തെയ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തെയ്യം ഒരു വികാരമായി ഹൃദയത്തിലേറ്റുന്ന ജനത ഒരു ദേശത്തിന്റെ പാരമ്പര്യവും സംസ്‌കാരവുമാണ് സംരക്ഷിക്കുന്നത്.

DONT MISS
Top