മുപ്പത് ദിവസം പിന്നിടുന്ന ശബരിമല യുവതി പ്രവേശന വിധി; ഇത് വരെ ഫയല്‍ ചെയ്തിരിക്കുന്നത് മുപ്പതില്‍ അധികം പുനഃപരിശോധന ഹര്‍ജികളും ആറ് റിട്ട് പെറ്റീഷനുകളും

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കി കൊണ്ട് സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാകുന്നു. വിധിക്ക് എതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള ഒരു മാസത്തെ കാലാവധി സാങ്കേതികം ആയി ഇന്ന് അവസാനിക്കേണ്ടതാണ്. എന്നാല്‍ ഇന്ന് അവധി ആയതിനാല്‍ നാളെ കൂടി റിവ്യൂ പെറ്റീഷനുകള്‍ ഫയല്‍ ചെയ്യാം.

ശനി ആഴ്ച ആയതിനാല്‍ ഇന്നലെ ഉച്ച വരെ ആയിരുന്നു സുപ്രിം കോടതി രജിസ്ട്രിയുടെ പ്രവര്‍ത്തനം. യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട് 33 പുനഃ പരിശോധന ഹര്‍ജികള്‍ ഇത് വരെ ഫയല്‍ ചെയ്തിട്ടുണ്ട് എന്നാണ് രജിസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ആദ്യ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത് എന്‍എസ്എസ് കോടതി രേഖകള്‍ പ്രകാരം അവസാന പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. എന്നാല്‍ ഇത് വരെ രെജിസ്ടറി റിവ്യൂ പെറ്റീഷന്‍ നമ്പര്‍ അനുവദിച്ചിരിക്കുന്നത് രണ്ട് പുനഃ പരിശോധന ഹര്‍ജികള്‍ക്ക് മാത്രം ആണ്. എന്‍എസ്എസ്ന്റെയും  തന്ത്രി കണ്ഠരര് രാജീവരുടെയും.

ബാക്കി പുനഃപരിശോധന ഹര്‍ജികള്‍ക്ക് രെജിസ്ടറി ഡയറി നമ്പര്‍ നല്‍കിയിട്ടുണ്ട്. കേസില്‍ ആദ്യം കക്ഷി ആയിരുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ റിവ്യൂ പെറ്റീഷന്‍ നമ്പര്‍ നല്‍കും എന്നാണ് കോടതി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ആദ്യം കക്ഷി അല്ലാതിരുന്നവര്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഉള്ള അനുമതി അപേക്ഷയ്ക്ക് ഒപ്പം ആണ് സുപ്രിം കോടതി രജിസ്ട്രിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ഇത്തരം ഹര്‍ജികള്‍ ആ അപേക്ഷകള്‍ക്ക് ഒപ്പം ഡയറി നമ്പറുമായി ആകും കോടതിയുടെ പരിഗണനയ്ക്ക് എത്തുക.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആറ് റിട്ട് പെറ്റീഷനുകള്‍ ആണ് ഇത് വരെ ഫയല്‍ ചെയ്തിട്ടുള്ളത്. ഇത് വരെ റിട്ട് പെറ്റീഷന്‍ നമ്പറുകള്‍ ആയത് രണ്ട് ഹര്‍ജികള്‍ക്ക് ആണ്. മുംബൈ സ്വദേശികള്‍ ആയ ശൈലജ വിജയന്‍, ആര്‍ ആര്‍ നായര്‍, ഗിരിജ പണിക്കര്‍, രോഹിണി അമിന്‍ എന്നിവരും ബാംഗ്ലൂര്‍ സ്വദേശി ആയ അരവിന്ദ കാമത്ത് പുത്തൂറും നല്‍കിയതാണ് ആദ്യ റിട്ട് ഹര്‍ജി. രണ്ടാമത്തെ ഹര്‍ജി നല്‍കിയിരിക്കുന്നത് ചെന്നൈ സ്വദേശി ആയ അഭിഭാഷകന്‍ ജി വിജയകുമാറും. മറ്റ് ഹര്‍ജികള്‍ക്ക് അടുത്ത് ദിവസം തന്നെ റിട്ട് പെറ്റീഷന്‍ നമ്പറുകള്‍ ലഭിക്കും.

നാളെയും ചിലര്‍ പുനഃപരിശോധന ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അത് പോലെ നിലവില്‍ ഫയല്‍ ചെയ്തിരിക്കുന്ന പുനഃപരിശോധന ഹര്‍ജികളിലും, റിട്ട് ഹര്‍ജികളിലും ചിലതില്‍ രജിസ്ട്രി ചൂണ്ടിക്കാട്ടിയിരിക്കുന്ന പിഴവുകള്‍ നീക്കി റീ ഫയലിംഗ് നടന്നിട്ടില്ല. അത് കൊണ്ട് തന്നെ ഈ കണക്കില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം.

ഒരു ഭരണഘടന ബെഞ്ചിന്റെ വിധിക്ക് എതിരെ ഇത്ര അധികം പുനഃപരിശോധന ഹര്‍ജികള്‍ ഒരു കേസില്‍ ഇതിന് മുമ്പ് ഫയല്‍ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ സമീപകാല ചരിത്രത്തില്‍ ഇത് ആദ്യം ആണെന്നാണ് കോടതിയുടെ ഇടനാഴികളില്‍ കേള്‍ക്കുന്ന സംസാരം. ഭരണഘടന ബെഞ്ചിന്റെ വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ സമീപ കാലത്ത് ഒന്നും അനുവദിച്ച സന്ദര്‍ഭവും ഉണ്ടായിട്ടില്ല എന്നത് മറ്റൊരു കോടതി വര്‍ത്തമാനം.

നവംബര്‍ 13 ന് മൂന്ന് മണി. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രിം കോടതിയില്‍ നടക്കുന്ന നടപടികളിലേക്ക് ആണ് ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍. ഭരണഘടന ബെഞ്ചിന്റെ വിധി വന്നപ്പോള്‍ ഉള്ളതിനെ കാളും കൂടുതല്‍ ചര്‍ച്ചകള്‍ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇപ്പോള്‍ നിയമ രാഷ്ട്രീയ മേഖലകളില്‍ നടക്കുന്നുണ്ട്. വിധിയില്‍ ഇട്ട ഒപ്പിന്റെ മഷി ഉണങ്ങുന്നതിന് മുമ്പ് അത് പുനഃ പരിശോധിക്കാന്‍ ജഡ്ജിമാര്‍ തയ്യാര്‍ ആയാല്‍, പിന്നെ കോടതിയുടെ പ്രസക്തി എന്ന് ചോദിക്കുന്ന ഒരു വിഭാഗം. നടപ്പിലാക്കാന്‍ പറ്റാത്ത വിധി പ്രസ്താവിച്ച് കോടതി സ്വയം അപഹാസ്യര്‍ ആകുന്നത് എന്തിന് എന്ന ചോദ്യം മറുഭാഗത്ത്. ഒരു മൗലിക അവകാശം ചൂണ്ടിക്കാട്ടി, മറ്റൊരു മൗലിക അവകാശം കവര്‍ന്ന് എടുക്കാന്‍ കോടതിക്ക് അധികാരം ഉണ്ടോ എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്ക് ഇല്ലെങ്കിലും ചില ചോദ്യങ്ങള്‍ക്ക് എങ്കിലും പതിമൂന്നാം തിയതി നാല് മണിക്ക് കോടതി പിരിയുന്നതിന് മുമ്പ് ലഭിച്ചേക്കും.

DONT MISS
Top