ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കിക്കോഫ് പദ്ധതി

തിരുവനന്തപുരം : കുട്ടികള്‍ക്ക് ചെറുപ്രായത്തിലേ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് കായിക വകുപ്പ് ആവിഷ്‌കരിച്ച കിക്ക് ഓഫ് ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ പരിശീലന പരിപാടിക്ക് നവംബര്‍ 24ന് തുടക്കമാകും. കണ്ണൂര്‍ ജില്ലയിലെ കല്ല്യാശേരി കെപിആര്‍ ജിഎച്ച്എസ്എസിലാണ് സംസ്ഥാനതല ഉദ്ഘാടനമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ഒരുകേന്ദ്രത്തില്‍ 10 മുതല്‍ 11 വയസ്സുള്ള 25 കുട്ടികള്‍ക്കാണ് പരിശീലനം. സംസ്ഥാനത്ത് 18 കേന്ദ്രങ്ങളില്‍ പരിശീലനമുണ്ട്. ആദ്യഘട്ടമായി എട്ട് കേന്ദ്രങ്ങളിലാണ് പരിശീലനം.

www.sportskeralakickoff.org  ലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ഫോണില്‍ എസ്എംഎസ് ലഭിക്കും. ആദ്യഘട്ടത്തില്‍ കുരുവട്ടൂര്‍ ജിഎച്ച്എസ്എസ് പയിമ്പ്ര (കോഴിക്കോട്), പടന്ന ജിഎഫ്എച്ച്എസ്എസ് (കാസര്‍കോട്), ജിഎച്ച്എസ്എസ് എരുമപ്പെട്ടി (തൃശൂര്‍), കെപിആര്‍എം ജിഎച്ച്എസ്എസ് കല്ല്യാശേരി (കണ്ണൂര്‍), കെഎച്ച്എസ്എസ് കൂടാളി (കണ്ണൂര്‍), ജിഎച്ച്എസ്എസ് പട്ടാമ്പി (പാലക്കാട്), ജിആര്‍എച്ച്എസ്എസ് കോട്ടക്കല്‍ (മലപ്പുറം), ജിഎച്ച്എസ്എസ് പനമരം (വയനാട് ) എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍.

വിദേശ പരിശീലകരുടെ സാങ്കേതിക സഹായം, പരിശീലന മത്സരങ്ങള്‍, കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, ഭക്ഷണം എന്നിവ കിക്കോഫ് പദ്ധതിയില്‍ ലഭിക്കും. ആഴ്ചയില്‍ രണ്ടു ദിവസം ഒന്നര മണിക്കൂര്‍ വീതമാണ് പരിശീലനം. സംസ്ഥാന തലത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയും ജില്ലകളില്‍ സ്ഥലം എംഎല്‍എമാരുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിന് സമിതി രൂപീകരിക്കും. 14 ജില്ലകളിലെയും പരിശീലനകേന്ദ്രങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പരിശീലനം ആരംഭിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

DONT MISS
Top