അതുക്കും മേലെ പറന്ന് കോഹ്‌ലി; റെക്കോര്‍ഡ് വേഗത്തില്‍ മറികടന്നത് 10,000 റണ്‍സ്‌

കൊച്ചി : വിരാട് കോഹ്‌ലി നിറഞ്ഞാടിയ ദിനമായിരുന്നു ഇന്ന്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് പിന്നിടുന്ന താരമായി ഇന്ത്യന്‍ നായകന്‍ മാറിയ ചരിത്ര ദിനം. വിശാഖപട്ടണത്ത് വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിലാണ് സെഞ്ചുറിയുടെ അകമ്പടിയോടെ വിരാട് പതിനായിരം കടന്നത്. ക്രിക്കറ്റ് ദൈവം സച്ചിന്റെ സര്‍വ്വകാല റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ തിരുത്തിക്കുറിച്ചത്.

213 ഏകദിനങ്ങളില്‍ നിന്നായി 205 ഇന്നിംഗ്‌സില്‍ നിന്നുമാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. നിലവില്‍ 37 സെഞ്ചുറികളും 49 അര്‍ധസെഞ്ചുറികളുമാണ് കോഹ്‌ലിയുടെ പേരിലുള്ളത്. കോഹ്‌ലിയുടെ 37 -ാം ഏകദിന സെഞ്ചുറിയാണിത്. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയും. 10000 റണ്‍സ് ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് വിരാട്. 259 ഇന്നിംഗ്‌സില്‍ നിന്നുമാണ് സച്ചില്‍ 10000 കടന്നത്. 263 ഇന്നിംഗ്‌സില്‍ നിന്നുമാണ് സൗരവ് ഗാംഗുലി പതിനായിരം പിന്നിടുന്നത്. സച്ചിന്റേത് ഉള്‍പ്പെടെയുള്ള നിരവധി സര്‍വ്വകാല റെക്കോര്‍ഡുകളും പൊളിച്ചടുക്കി ചരിത്രം സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

വിരാട് ചരിത്ര നേട്ടം കൈവരിച്ചപ്പോള്‍ ഒരറ്റത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുമുണ്ടായി. മല്‍സരത്തിലാകെ 130 പന്തുകള്‍ നേരിട്ട കോഹ്‌ലി, 13 ബൗണ്ടറിയും നാലു സിക്‌സും സഹിതം 157 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കോഹ്‌ലിയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ വിന്‍ഡീസിനു മുന്നില്‍ 322 റണ്‍സ് വിജയലക്ഷ്യവും ഉയര്‍ത്തി.

DONT MISS
Top