ശബരിമല: ദേവസ്വംബോര്‍ഡ് സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: ശബരിമല കേസില്‍ ദേവസ്വംബോര്‍ഡ് സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ദേവസ്വംബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമാണ് തീരുമാനമെടുത്തത്.

ശബരിമലയിലുണ്ടായിരിക്കുന്ന നിലവിലെ ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ സംബന്ധിച്ച് സുപ്രിംകോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയെ ഇതിനായി നിയോഗിക്കാന്‍ ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചു.

മനു അഭിഷേക് സിങ്‌വിയുമായി കൂടിയാലോചിച്ച് മാത്രമേ സുപ്രിംകോടതിയുമായി ബദ്ധപ്പെട്ട മറ്റു നടപടികളിലേക്ക് കടക്കുകയുള്ളു. വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവരും. പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. ദേവസ്വംബോര്‍ഡ് അത്തരം രാഷ്ട്രീയം കളിക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.

DONT MISS
Top