മെയ്റ്റ് 20 പ്രോ അവതരിപ്പിച്ചു; ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവാകാനുറപ്പിച്ച് വാവെയ്

ഐഫോണിനോടും സാംസങ്ങിന്റെ ഗ്യാലക്‌സി ഫോണുകളോടും പിടിച്ചുനില്‍ക്കാനല്ല, ഒരുപടി മുന്നില്‍ നില്‍ക്കുക എന്നതാണ് ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വാവെയ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഫോണ്‍ നിര്‍മിക്കുന്ന കമ്പനികളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് വാവെയ്ക്ക് വമ്പന്മാരെ എല്ലാരീതിയിലും പിന്നിലാക്കാനുള്ള കെല്‍പ്പുണ്ട് എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു.

ഇപ്പോള്‍ കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ അവതരിപ്പിച്ചിരിക്കുയാണ് വാവെയ്. മെയ്റ്റ് 20 പ്രോ എന്ന സ്മാര്‍ട്ട് ഫോണിനൊപ്പം മെയ്റ്റ് 20, മെയ്റ്റ് 20 എക്‌സ് എന്നീ മോഡലുകളും വാച്ച് ജിടി എന്ന സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ചു. പോര്‍ഷെയോട് ചേര്‍ന്ന് നിര്‍മിക്കുന്ന പോര്‍ഷെ മെയ്റ്റ് 20ആര്‍എസ് എന്ന മോഡലും കമ്പനി പുറത്തിറക്കിയിട്ടു്ണ്ട്.

കിരിന്‍ 980 പ്രൊസസ്സറുമായാണ് മെയ്റ്റ് 20 പ്രോ എത്തുന്നത്. ലോകത്തെ ആദ്യ 7എന്‍എം പ്രോസസ്സറാണ് കിരിന്‍ 980. സാങ്കേതികമായിപ്പറഞ്ഞാല്‍ ഐഫോണിന്റെ ഏറ്റവും പുതിയ എ12 എന്ന പ്രോസസ്സറിനോട് നേരിട്ട് മുട്ടാന്‍ കെല്‍പ്പുള്ളതാണ് കിരിന്‍ 980.

മൂന്ന് പിന്‍ക്യാമറകളാണ് ഫോണിനുള്ളത്. മൂന്ന് ഫോക്കല്‍ ലെങ്താണ് മൂന്ന് ക്യാമറയ്ക്കും. 27എംഎം 40 മെഗാപിക്‌സല്‍, 16എംഎം 20 മെഗാപിക്‌സല്‍, 80എംഎം 8 മെഗാപിക്‌സല്‍ ക്യാമറകളാണിത്. ഐഫോണിന്റെ ടെലി ലെന്‍സിന്റെ റീച്ച് 52എംഎം ആണെന്ന് ഓര്‍ക്കുക. ലൈക്കയുമായി ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഫോണിന്റെ ക്യാമറാ സിസ്റ്റം ഇന്ന് നിലവിലുള്ള ഏത് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയേക്കാള്‍ മികവ് പകരും. മുന്‍ ക്യാമറ 24 മെഗാപിക്‌സലാണ്.

ഇന്‍ഫ്രാറെഡ് 3ഡി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനമുള്ള മെയ്റ്റ് 20 പ്രോ സ്‌ക്രീനില്‍ വിരല്‍വച്ചും അണ്‍ലോക്ക് ചെയ്യാം. 6 ജിബി റാമും 128ജിബി ആന്തരികസംഭരണ ശേഷിയുമുള്ള മെയ്റ്റ് 20 പ്രോയുടെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കും.

വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനം മാത്രമല്ല വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ ചാര്‍ജ് ചെയ്യാനും മെയ്റ്റ് 20 പ്രോയ്ക്ക് സാധിക്കും. മെയ്റ്റ് 20 പ്രോ കമഴ്ത്തിവച്ച് മുകളില്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ വച്ചാല്‍ ചാര്‍ജായി ലഭിക്കും. 4200എംഎഎച്ച് ബാറ്ററി കരുത്തനാണ്. 40വാട്ട് ചാര്‍ജ്ജര്‍ അതിവേഗ ചാര്‍ജിംഗ് ലഭ്യമാക്കും. വാട്ടര്‍/ഡസ്റ്റ് പ്രൂഫ് ഫോണിലുള്ളതിനാലാവാം 3.5എംഎം ഹെഡഡ്‌ഫോണ്‍ജാക്ക് ഫോണിലില്ല.

90,000 രൂപയോളമാകും വിപണിയിലെത്തുമ്പോള്‍ ഫോണിന്റെ വില. വിപണിയില്‍ ലഭ്യമായ മറ്റ് ഫോണുകളേക്കാളെല്ലാം മികച്ചത് എന്ന വിലയിരുത്തലാകും വരുംദിവസങ്ങളിലുണ്ടാവുക. അതുകൊണ്ടുതന്നെ ആപ്പിളിന്റേയും സാംസങ്ങിന്റേയും മുന്തിയ മോഡലുകളുടെ വില വാവെയ് 20 പ്രോയ്ക്കും നല്‍കുന്നത് പ്രീമിയം ഫോണുകളുടെ ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

DONT MISS
Top