മിറാന്‍ഡയുടെ ഗോളില്‍ അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍

ജിദ്ദ : സൗദി അറേബ്യയിലെ കിഗ്‌ അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിന് വിജയം (1-0). ആവേശം നിറഞ്ഞ പോരാട്ടത്തിന്റെ ഇഞ്ചുറി സമയത്ത് നെയ്മര്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് മിറാന്‍ഡ ഗോളാക്കിയതോടെ ബ്രസീലിന് ഉജ്വല വിജയം. ഇറ്റാലിയല്‍ ക്ലബ്ബ് ഇന്റര്‍ മിലാന്റെ താരമാണ് മിറാന്‍ഡ.

ഓരോ മിനിട്ടും ആവേശം നിറഞ്ഞു നിന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീലിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന രണ്ടാം പകുതിയായപ്പോളേക്കും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മിറാന്‍ഡയുടെ ഉജ്വല ഗോളിലൂടെ ബ്രസില്‍ വിജയിച്ചത്.

ബോക്‌സിലേക്ക് പലതവണ നെയ്മറും ഫിര്‍മിനോയും ജിസ്യൂസും പന്തുമായെത്തിയെങ്കിലും ഗോള്‍വല ചലിപ്പിക്കാനായില്ല. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച നെയ്മറിനെ തടയാന്‍ അര്‍ജന്റീനിയന്‍ പ്രതിരോധം ഏറെ പണിപ്പെട്ടു. ബ്രസീല്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ മത്സരമായി സൗഹൃദ മത്സരം മാറി.

DONT MISS
Top