മറന്നു കളയുന്ന സ്മാരകങ്ങളും നിഷേധിക്കുന്ന ചരിത്രവും

ലണ്ടനിലെ ഏറ്റവും വിലപിടിപ്പുള്ള ഏരിയയില്‍ ഹയട് പാര്‍ക്കിനു സമീപത്തുള്ള പാര്‍ക്ക് ലെയിന്‍ എന്ന റോഡിന്റെ ഒത്ത നടുവിലായി ഒരു സ്മാരകമുണ്ട്. അത് കാണാനും ക്യാമറയില്‍ പകര്‍ത്താനും ആയിരുന്നു എന്റെ യാത്ര. അതിന്റെ പ്രേരക ഘടകം ശശി തരൂരിന്റെ പ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസംഗം തന്നെ.

ഒന്നാം ലോക മഹായുദ്ധത്തില്‍ 13 ലക്ഷം ഇന്ത്യാക്കാരാണ് ബ്രിട്ടന് വേണ്ടി യുദ്ധത്തിനു പോയത്. മരിച്ചത് 54,000 പേരും മുറിവേറ്റത് 65,000 പേര്‍ക്കും. അതെ സമയം രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നത് 17 ലക്ഷം ഇന്ത്യക്കാര്‍ക്കും.

ലണ്ടനില്‍ പലയിടത്തും ഈ യുദ്ധങ്ങളില്‍ മരിച്ച മൃഗങ്ങള്‍ക്ക് സ്മാരകമുണ്ട്. അങ്ങനെയുള്ള ഒരു വലിയ സ്മാരകമാണ് പാര്‍ക്ക് ലൈനില്‍ ഉള്ളത്. പക്ഷെ ലക്ഷക്കണക്കിനുള്ള ഇന്ത്യാക്കാരുടെ ഈ വലിയ സേവനത്തിനു ത്യാഗത്തിനു ജീവ നാശത്തിനു ഒരു സ്മാരകം പോലും ലണ്ടനിലില്ലെന്ന വസ്തുത ശശി തരൂര്‍ വെളിച്ചത്തു കൊണ്ട് വരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേര്‍സിറ്റി യൂണിയന്റെ യൂ ട്യൂബില്‍ നിന്ന് മാത്രം 50 ലക്ഷത്തിലധികം ആളുകള്‍ കണ്ട വിഡിയോ ആണ് ശശി തരൂരിന്റെത്.

അതിനെക്കാളും സീരിയസ് ആയിട്ടുള്ള മറ്റൊരു വസ്തുത തരൂര്‍ പറയുന്നുണ്ട്. ബ്രിട്ടനില്‍ പ്ലസ് 2 ലെവലില്‍ (അ ലെവല്‍) പഠിക്കുന്ന ഒരു വിദ്യാര്‍ഥി കൊളോണിയല്‍ ചരിത്രത്തിന്റെ ആദ്യപാഠം പോലും പഠിക്കാതെയാണ് പുറത്ത് വരുന്നത് എന്ന കാര്യം.

ബ്രിട്ടന്റെ വിദേശ നയം എന്തായാലും ഇത്തരം കാര്യങ്ങളില്‍ ഇവിടെ തിരുത്തലുകള്‍ വരുത്താന്‍ തയാറുള്ള ഒരു രാജ്യമാണിത്. അതാണല്ലോ മഹാത്മാ ഗാന്ധിയുടെയും, നെല്‍സന്‍ മണ്ടേലയുടെയും പ്രതിമകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനു തൊട്ടു മുന്നിലുള്ള സ്‌കൊയറില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇവര്‍ രണ്ടു പേരും ജീവിച്ചിരുന്നപ്പോള്‍ പ്രത്യേകിച്ച് സമര രംഗത്തായിരുന്നപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് എടുത്ത സമീപനം എന്തായിരുന്നു എന്നത് ഏവര്‍ക്കും അറിവുള്ള സംഗതി ആണ്.

പക്ഷെ കൊളോണിയല്‍ കാലഘട്ടത്തെ വിലയിരുത്തുന്ന കാര്യത്തില്‍ ബ്രിട്ടന്‍ ശരിക്കും സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട് എന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ സംസാരിച്ചപ്പോള്‍ ശശി തരൂര്‍ പറഞ്ഞ കാര്യം അങ്ങനെ അങ്ങ് തഴയാന്‍ ബ്രിട്ടനാവില്ല. കാരണം നമ്മുടെ പിന്മുറക്കാരെ ഈ വലിയ ചൂഷണത്തിന്റെ ചരിത്രത്തില്‍ നിന്നും കൊട്ടിയടച്ചു വളര്‍ത്താന്‍ അനുവദിക്കാന്‍ ആവില്ല തന്നെ.

DONT MISS
Top