അശുദ്ധിയില്‍ നിലതെറ്റുന്ന കോണ്‍ഗ്രസ്

ജനാധിപത്യവും, മതേത്വരത്വവും തന്നെയാണ് രാഷ്ട്രീയ കേരളത്തിന്റെ ഏക്കാലത്തെയും പ്രധാന ചര്‍ച്ച വിഷയം. ചൂടേറിയ ഈ രണ്ട് ആശയങ്ങള്‍ ആലേഖനം ചെയ്യാത്ത പ്രകടന പത്രികകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരസ്പരം ചെളിവാരി എറിയുന്നതിനൊടോപ്പം സമത്വ സുന്ദര ജനാധിപത്യ സമൂഹത്തെ സ്വപ്നം കാണാനും നമ്മുടെ നേതാക്കള്‍ നമ്മെ പഠിപ്പിക്കാറുണ്ട്. ശബരി മല സ്ത്രി പ്രവേശന വിധിയോടെ ഈ ജനാധിപത്യം രണ്ടാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വിശ്വാസികളുടെ ജനാധിപത്യവും , സമൂഹത്തിന്റെ(ജനങ്ങളുടെ) ജനാധിപത്യവും എന്നീ നിലകളില്‍ അത് ചേരിതിരിഞ്ഞു. അല്ലെങ്കില്‍ അത്തരം ഒരു ചേരി ചിലര്‍ രൂപപ്പെടുത്തി.വിശ്വാസികളുടെ ജനാധിപത്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും നാമജപ യാത്രയുമായി മുന്നേറുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഒരുങ്ങി സര്‍ക്കാരും മുന്‍പോട്ട് തന്നെ. നമുക്കൊരു സര്‍ക്കാരുണ്ട് എന്ന് വ്യക്തം. എന്നാല്‍ കേരളത്തിന് നട്ടെല്ലുള്ള ഒരു പ്രതിപക്ഷമുണ്ടോ ?

പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍ ആരാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന് അല്‍പമൊന്ന് പരിഭ്രമിക്കേണ്ടി വരും.എന്തെന്നാല്‍ തങ്ങളാണ് പ്രതിപക്ഷമെന്ന് തെളിയിക്കാനുള്ള തിടുക്കത്തിലാണ് രമേശ് ചെന്നിത്തലയും കൂട്ടരും. ശബരിമല വിധിയോടുള്ള നിലപാട് വെട്ടിയും തിരുത്തിയും ബിജെപി യും ആര്‍ എസ്സ് എസ്സും വിശ്വാസികളുടെ പക്ഷത്തായി. അതെ മാത്രയില്‍ തന്നെ വിധി എതിര്‍ത്ത് രമേശ് ചെന്നിത്തലയും അനുഷ്ഠാനങ്ങളും പിന്തുടരേണ്ടതാണെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടിയും അയ്യപ്പ ഭക്തന്‍മാരായി. ലിംഗസമത്വത്തിനും, സാമൂഹിക മാറ്റങ്ങള്‍ക്കും വേണ്ടി സമരം നടത്തുന്നവര്‍ വ്യക്തമായ നിലപാട് പോലും പറയാന്‍ കഴിയാത്ത വിധം അധപതിച്ചു പോയിരിക്കുന്നു എന്നതാണ് ദയനീയം. ദേശിയ നേതൃത്വം ചരിത്ര വിധിയെന്ന് പറയുമ്പോഴും കേരളത്തിലെ കോണ്‍ഗ്രെസ്സുകാര്‍ ആര്‍ത്തവ അശുദ്ധിയില്‍ കുടുങ്ങി കിടക്കുകയാണ്. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് ഇടയ്ക്ക് എങ്കിലും അവര്‍ ഓര്‍ത്താല്‍ നന്ന്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പാക്കിയാല്‍ കോട്ടം സംഭവിക്കുന്നതാണോ കേരളത്തിന്റെ മതേതരത്വം.? ബിജെപിയുടെ നിലപാടുകളെ മാറ്റി നിര്‍ത്താം, എന്തെന്നാല്‍ അവര്‍ എന്നും ഉയര്‍ത്തുന്ന വികാരം ഹിന്ദുത്വമാണ്. 10 തവണയോളം കേരളം ഭരിച്ച 9 പ്രാവശ്യം ശക്തമായ പ്രതിപക്ഷമായും നിലയുറപ്പിച്ചവരാണ് തങ്ങള്‍ എന്ന് കോണ്‍ഗ്രസ് മറക്കരുത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് വോട്ട് ചോര്‍ച്ചയെ ഭയന്ന് ജനാധിപത്യത്തെ വളച്ചൊടിക്കുന്നത് വലിയ വര്‍ഗീയ ചേരിതിരിവിനാണ് ഇടനല്‍കിക്കുന്നത്. റോഡുകളെ നാമജപ പാതകളാക്കി സമരം നടത്തിയാല്‍ മാത്രമെ ഭൂരിപക്ഷം ലഭിക്കൂ എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു ഖദര്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍.

ഈ സമരത്തിലൂടെ ഒരു ശതമാനമെങ്കിലും വോട്ട് കോണ്‍ഗ്രെസ്സിന് കൂടുമോ എന്ന് ചോദിച്ചാല്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസിന് അപ്പുറം ബിജെപിയും അനുബന്ധ സംഘടനകളുമാണ് ശബരിമല സംരക്ഷണ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. അവര്‍ പിടിച്ച കൊടിയുടെ പിന്നില്‍ അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഏറ്റുവിളിക്കുന്നതിലുടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് പുറത്താകുന്നത്.

സമരം നടത്തുന്നത് സര്‍ക്കാരിനെതീരെ എന്ന് പറയുമ്പോള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. സര്‍ക്കാരല്ല, പരമോന്നത നീതിപീഠമാണ് ഉത്തരവിറക്കിയത്. ആ ഉത്തരവിനെയാണ് സര്‍ക്കാറിനെതിരെയുള്ള സമരമെന്ന രീതിയില്‍ മാറ്റി കൊണ്ട് ഒരു വിഭാഗത്തെ റോഡിലിറക്കിരിക്കുന്നത്. ഭാരതത്തിലെ എല്ലാ മതവിശ്വാസങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത ഭരണഘടനയ്ക്ക് ഉണ്ടാവാം. അതിനര്‍ത്ഥം മൗലിക അവകാശങ്ങളെക്കാള്‍ പ്രധാന്യം വൈകാരിക വികാരങ്ങള്‍ക്ക് നല്‍കണം എന്നല്ല. പ്രതിപക്ഷ നേതാവ് ഇതൊന്ന് ഓര്‍ത്താല്‍ നന്ന്.

കോടതിയെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയ കെ സുധാകരനെയും, സ്ത്രി പ്രവേശനത്തോടുള്ള നിലപാട് ചോദിച്ചാല്‍ ഉത്തരമില്ലാതെ സമരത്തെ ചൂണ്ടികാട്ടുന്ന കെപിസിസി പ്രസിഡന്റിനെയുമാണ് കേരളത്തില്‍ ഉള്ളത്. യുവ എം എല്‍ എ മാര്‍ക്കും വനിതാ നേതാക്കള്‍ക്കും അയ്യപ്പനെ കാണാന്‍ സ്ത്രീകള്‍ എത്തുന്നതിനോട് എതിര്‍പ്പാവാം. അതുകൊണ്ട് തന്നെയാവണം മഹിളാകോണ്‍ഗ്രെസ്സ് പ്രവര്‍ത്തകരടക്കം ഞങ്ങളെല്ലാം അശുദ്ധിയുള്ളവരാണെന്ന് പ്രഖ്യാപിച്ചു ഇങ്ങനെ സമരത്തിന് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യം അവകാശപെടാനുള്ള കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലെ മഹിളാരത്‌നങ്ങളുടെ മൗനത്തിന് കാലം മറുപടി ചോദിക്കും. അതാണ് ചരിത്രങ്ങള്‍ കാട്ടി തന്നിട്ടുള്ളത്. ഘടകകക്ഷികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശനം നടത്തിയാല്‍ പിന്നെ പള്ളികളിലും അവരെ പ്രവേശിക്കേണ്ടി വരുമെന്ന ആശങ്കയില്‍ അവരും നാപജപ സമരത്തിന്റെ സ്തുതിപാടകരായി എത്തിയിട്ടുണ്ട്. ഇങ്ങനെ വര്‍ഗീയദ്രുവീകരണം കൊണ്ട് ഒരു പക്ഷത്തിന്റെ മാത്രം കാവാലളായി നിലകൊള്ളൂന്നവരില്‍ നിന്ന് ജനാധിപത്യം പ്രതീക്ഷിച്ചിട്ട് എന്തു കാര്യം.? കേരളത്തില്‍ ബിജെപി നിലയുറപ്പിക്കുമ്പോള്‍ കോണ്‍ഗ്രിസിന് നിലതെറ്റുമോ ? അതാണ് ഇനി കാണേണ്ടത്.

DONT MISS
Top