റാഫേലില്‍ തിരിച്ചടി; എല്ലാ രേഖകളും ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

സുപ്രിം കോടതി

ദില്ലി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് അപ്രതീക്ഷിത തിരിച്ചടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ, കിഷന്‍ ഗൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അഭിഭാഷകരായ മനോഹര്‍ലാല്‍ ശര്‍മ്മ ഉള്‍പ്പെടെയുള്ളവരാണ് റാഫേല്‍ വിമാന ഇടപാട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയിലെ ഒന്നാം എതിര്‍കക്ഷി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇതൊരു രാഷ്ട്രീയ പ്രേരിത ഹര്‍ജി ആണെന്ന് അറ്റോര്‍ണി ജനറലില്‍ വാദിച്ചെങ്കിലും, അത് മുഖവിലയ്‌ക്കെടുക്കുവാന്‍ കോടതി തയ്യാറായില്ല.

കോടതിക്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കാണണമെന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ അഭിപ്രായം എന്തായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കാത്ത കാര്യങ്ങള്‍ കോടതിയുമായി പങ്കുവെയ്ക്കുന്നതിന് എതിര്‍പ്പില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിമാനങ്ങളുടെ സാങ്കേതികമായ കാര്യങ്ങള്‍, വിമാനത്തിന്റെ വില എന്നിവയൊഴികെ ബാക്കിയുള്ള എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഈ രേഖകള്‍ പരിശോധിച്ചതിന് ശേഷമേ നോട്ടീസ് അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കി.

ഫ്രാന്‍സില്‍നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ 12,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടായതായാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈജിപ്തും ഖത്തറും റഫാല്‍ വിമാനം വാങ്ങിയതിനേക്കാള്‍ ഓരോ വിമാനത്തിനും 351 കോടി രൂപയാണ് ഇന്ത്യ കൂടുതല്‍ നല്‍കിയതെന്നും, ഒരു ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ പ്രതിരോധമന്ത്രിയെ പോലും ഒഴിവാക്കിയാണ് പ്രധാനമന്ത്രി നേരിട്ട് പാരീസില്‍ ചെന്ന് കരാറില്‍ ഒപ്പുവച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

DONT MISS
Top