വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍; ശബരിമല സംരക്ഷ യാത്രയില്‍ ബിഡിജെഎസ് പങ്കെടുക്കും

തുഷാര്‍ വെള്ളാപ്പള്ളി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. സുപ്രിം കോടതി വിധിക്കെതിരെ നടക്കുന്ന ശബരിമല സംരക്ഷ യാത്രയില്‍ ബിഡിജെഎസ് പങ്കെടുക്കും എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത്. എന്നാല്‍ വിധിക്കെതിരെ നടക്കുന്നത് സവര്‍ണസമരമാണ് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ വിമര്‍ശിച്ചത്. കൂടാതെ ശബരിമല വിധിക്കെതിരായ സമരം സുകുമാര്‍ നായര്‍ സ്‌പോണസര്‍ ചെയ്തതാണ്. സമരത്തില്‍ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എസ്എന്‍ഡിപിയോഗം സെക്രട്ടറി പറഞ്ഞത് എസ്എന്‍ഡിപിയുടെ നിലപാടാണ് എന്നാണ് തുഷാര്‍ പറഞ്ഞത്. അദ്ദേഹം ഒരിക്കലും ഹിന്ദു ആചാരങ്ങള്‍ക്ക് എതിരല്ല. സമരത്തിന്റെ നിലപാടുകളില്‍ ഉള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു സമുദായത്തില്‍പെട്ട എല്ലാവരെയും വിളിച്ചു വരുത്തി കൂടിയാലോചിച്ച് സമരം ആരംഭിച്ചിരുന്നുവെങ്കില്‍ ഞങ്ങളും അതില്‍ ഉണ്ടാകും എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് എന്നും തുഷാര്‍ പറഞ്ഞു.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ വികാരത്തിന്റെ കൂടെ നില്‍ക്കാന്‍ ബിഡിജെഎസ് പ്രതിജ്ഞാബന്ധരാണ്. ഇത് ഹിന്ദുവിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളത്തിലെ ജനങ്ങള്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു. പാര്‍ട്ടിയുടെ കമ്മിറ്റി കൂടി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് എന്‍ഡിഎ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നത് എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

DONT MISS
Top