ശബരിമല സംരക്ഷണ യാത്രയുമായി എന്‍ഡിഎ; കേരളത്തിലുടനീളം വിവിധ ഹിന്ദു സംഘടനകളുടെ റോഡ് ഉപരോധം

പത്തനംതിട്ട: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രിം കോടതി വിധിയില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കേരളത്തിലുടനീളം റോഡ് ഉപരോധിക്കുകയാണ്. കൂടാതെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ പന്തളത്തുനിന്നും ശബിരമല സംരക്ഷയാത്രയും നടത്തുന്നുണ്ട്.

കൊല്ലം, ആലുപ്പുഴ, തിരുവനന്തപുരം ജില്ലകളിലൂടെയാണ് യാത്ര പര്യടനം നടത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്. ബിജെപിയുടെ സംസ്ഥാന നേതാക്കളും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കള്‍ തുടങ്ങി നിരവധിപ്പേര്‍ ശബരിമല സംരക്ഷ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പന്തളത്തെ മണികണ്ഠനാല്‍ത്തറയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഈ മാസം 15 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ വച്ച് സമാപിക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു മണിക്കൂര്‍ നേരമാണ് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിധി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുക, വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ശബരിമല കര്‍മ സമിതി ഉന്നയിക്കുന്നത്.

കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലും കോട്ടയത്തും ആരംഭിച്ച റോഡ് ഉപരോധം പുരോഗമിക്കുകയാണ്. രാവിലെ 11 മണിക്കാണ് കോട്ടയത്ത് ഉപരോധം ആരംഭിച്ചത്. അഞ്ച് താലൂക്ക് കേന്ദ്രങ്ങളിലാണ് ഉപരോധം നടക്കുന്നത്.

DONT MISS
Top