എംജെ അക്ബറിന് എതിരെ അന്വേഷണം വേണമെന്ന് മനേക ഗാന്ധി

മനേക ഗാന്ധി

ദില്ലി: മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി ലൈംഗിക ആരോപണ വിധേയനായ വിദേശകാര്യ സഹ മന്ത്രി എംജെ അക്ബറിന് എതിരെ അന്വേഷണം നടത്തണം എന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. അക്ബറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നു വന്നതിനുശേഷം ആദ്യമായാണ് ഒരു ബിജെപി നേതാവ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.

ഇതിനെതിരെ ഒരു അന്വേഷണം നടത്തണം. അധികാരത്തില്‍ ഇരിക്കുന്ന പരുഷന്മാര്‍ എപ്പോഴും ചെയ്യുന്നതാണിത്. രാഷ്രീയത്തിലും മാധ്യപ്രവര്‍ത്തനത്തിലും കമ്പനികളിലും ഇക്കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഇപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ട്. അതുകൊണ്ട് നമ്മള്‍ അതിന് ഗൗരവമായി എടുക്കണം എന്നും ഒരു ദേശീയ മാധ്യമത്തിനോട് പ്രതികരിക്കവെ മനേക ഗാന്ധി പറഞ്ഞു.

കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ജനങ്ങള്‍ കളിയാക്കുമോ അല്ലെങ്കില്‍ സ്വഭാവ ഗുണത്തെ ചോദ്യം ചെയ്യുമോ എന്നുള്ള ഭയം കൊണ്ടാണ് സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭയക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ തുറന്നു പറയാന്‍ തയ്യാറാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന എല്ലാ ആരോപണങ്ങള്‍ക്കെതിരെയും നടപടി എടുക്കാന്‍ നാം തയ്യാറാകണം എന്നും മനേക ഗാന്ധി പറഞ്ഞു.

എന്നാല്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംകെ അക്ബറിന് എതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഗൗരവമായ ലൈംഗിക ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അധികാരത്തിലുള്ള ഒരു വനിതാ മന്ത്രിയാണ് താങ്കള്‍. ആരോപണങ്ങള്‍ക്കതിരെ അന്വേഷണം ഉണ്ടാകുമോ എന്നും മാധ്യമപ്രവര്‍ത്തകര്‍ സുഷമാ സ്വരാജിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ അവര്‍ തയ്യാറായില്ല.

DONT MISS
Top