അധികാരത്തില്‍ എത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന് ഗഡ്കരി; ബിജെപിക്കെതിരെ ആയുധമാക്കി വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി

നിതിന്‍ ഗഡ്കരി

ദില്ലി: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് എന്ന വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. മറാത്തി ടെലിവിഷന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. ബിജെപിക്കെതിരെ ആയുധമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

അഭിമുഖത്തില്‍ മറാത്തി ഭാഷയിലാണ് ഗഡ്കരി സംസാരിക്കുന്നത്. അധികാരത്തില്‍ എത്തില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതിനാല്‍  ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഉപദേശം ലഭിച്ചു. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിയല്ല. ഇപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് ജനങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. എന്നാല്‍ അതിനെ നോക്കി ചിരിച്ച് ഞങ്ങള്‍ മുന്നോട്ട് പോവുകയാണ് എന്നുമായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.

നിതിന്‍ ഗഡ്കരിയുടെ വീഡിയോ പുറത്തു വന്നതോടെ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് എന്ന ഞങ്ങളുടെ അഭിപ്രായത്തോട് നിതിന്‍ ഗഡ്കരിയും യോജിച്ചിതില്‍ സന്തോഷം ഉണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. ഗഡ്കരി പറഞ്ഞത് ശരിയാണ് എന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് പങ്കുവച്ച്‌കൊണ്ട് പറഞ്ഞു.

DONT MISS
Top