ചാലക്കുടിക്കാരുടെ മാത്രമല്ല, എല്ലാവരുടേയും ചങ്ങാതി; മനസുതുറന്ന് രാജാമണി

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ വിജയാഘോഷത്തിലാണ് സെന്തില്‍ എന്ന രാജാമണി. സിനിമയുടെ പ്രമോഷന്‍ തിരക്കുകള്‍ക്കിടയിലാണ് രാജാമണി റിപ്പോര്‍ട്ടര്‍ പ്രതിനിധിയുമായി സംസാരിച്ചത്. പെട്ടന്ന് പ്രശസ്തിയിലേക്ക് ഉയര്‍ന്നിട്ടും അതിന്റെ ഭാവങ്ങളൊന്നും സംസാരത്തിലില്ല. സാധാരണക്കാരില്‍നിന്ന് വെള്ളിത്തിരയിലെത്തിയ കലാഭവന്‍ മണിയാകാന്‍ ഇതിലും മികച്ച മറ്റൊരാളില്ല എന്ന് ഊട്ടിയുറപ്പിച്ച പ്രകടം കാഴ്ച്ചവച്ച രാജാമണി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

സ്‌കൂള്‍ ജീവിതം മുതല്‍ക്കേ മിമിക്രിയുമായി അടുത്തോ?

പ്ലസ് ടു വരെ പഠിച്ചത് പുന്നമ്മൂട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തേ മിമിക്രി, നാടകം എന്നിവയിലെല്ലാം സജീവമായിരുന്നു. മത്സരങ്ങളില്‍ സ്ഥിരമായി ഒന്നാം സമ്മാനം ഒന്നുമില്ലായിരുന്നു കേട്ടോ. എങ്കിലും ഒരിക്കലും പങ്കെടുക്കാതെ മാറി നിന്നിട്ടില്ല.

മറക്കാനാകാത്ത സ്‌കൂള്‍ അനുഭവങ്ങള്‍?

പ്ലസ് ടുവില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരിക്കല്‍ സ്‌കൂളിലെ ഒരു മാഷിന്റെ ശൈലി അനുകരിച്ചത് മറക്കാനാകാത്ത ഒരനുഭവമാണ്. കൂട്ടുകാര്‍ നിര്‍ബന്ധിച്ചു അദ്ദേഹത്തെ അനുകരിക്കാന്‍. അത് ചെയ്തുകഴിഞ്ഞപ്പോള്‍ നിരവധി കയ്യടികള്‍ ലഭിച്ചു. എന്നാല്‍ സ്‌റ്റേജില്‍നിന്നിറങ്ങിക്കഴിഞ്ഞ് പലരും അടുത്തുവന്ന് അത് വേണ്ടായിരുന്നു എന്ന് പറഞ്ഞുതുടങ്ങി. ഇത് വിഷമമുണ്ടാക്കി. എന്നാല്‍ അതുകഴിഞ്ഞ് മാഷിനുള്‍പ്പെടെ എന്നെ വലിയ കാര്യമായി.

പിന്നീട് നിരവധി പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയി?

പ്ലസ് ടുവിന് ശേഷം ഒരുപാട് ജോലികളില്‍ ഏര്‍പ്പെട്ടു. അതിനുശേഷം ഒരു തുണിക്കടയില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തു. കര്‍ട്ടനുകള്‍ തയ്ച്ച് വില്‍ക്കുന്ന ഒരു സ്ഥാപനം. ഇവിടെ ജോലി ചെയ്ത സമയത്ത് തുടര്‍ന്ന് പഠിക്കാത്തതിനേക്കുറിച്ചായി എല്ലാവരുടേയും അന്വേഷണം. കൂടെ പഠിച്ചവരെല്ലാം മറ്റിടങ്ങളില്‍ തുടര്‍ പഠനത്തിനായി പോയിക്കഴിഞ്ഞിരുന്നു. എന്നാല്‍ ജീവിതത്തിലെ ഒരു വലിയ അനുഭവമായിത്തന്നെ ഈ തുണിക്കടയില്‍ ജോലി ചെയ്ത കാലത്തെ കാണുന്നു.

പിന്നീട് പഠനം തുടര്‍ന്നു?

പിന്നീട് തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളെജില്‍ ചേര്‍ന്നു. അവിടെയും മിമിക്രിയില്‍ താരമായി. ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചേട്ടനെ അനുകരിച്ചത് ഞാനാകാം. അതിന് നിരവധി പ്രോത്സാഹനം ലഭിച്ചു. തുടര്‍ന്ന് സാരഥി എന്ന ട്രൂപ്പില്‍ അവസരം ലഭിച്ചു. ഇതോടെ പരിപാടികളും ലഭിക്കാന്‍ തുടങ്ങി.

കലാഭവന്‍ മണി നായകനായ സിനിമയില്‍ അഭിനയിച്ചത്?

ഞാന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നത് മണിച്ചേട്ടന്‍ നായകനായ പുള്ളിമാന്‍ എന്ന ചിത്രത്തിലാണ്. മണിച്ചേട്ടനൊപ്പം നേര്‍ക്കുനേര്‍ സംസാരിക്കുന്ന ഒരു രംഗം ലഭിക്കാന്‍ ഒരുപാട് ആഗ്രഹിച്ചു. എന്നാല്‍ അത്തരത്തില്‍ ഒരു രംഗം ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ പിന്നീട് മണിച്ചേട്ടനായിത്തന്നെ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ ഒരു നിയോഗമായി കാണുന്നു.  പിന്നീട് ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചു.

‘പുള്ളിമാനില്‍’ ഗീതാ സലാമിനും സുധീഷിനും കലാഭവന്‍ മണിക്കുമൊപ്പം രാജാമണി

സീരിയലുകളിലൂടെയാണ് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്?

അങ്ങനെപറയാം. നിരവധി സീരിയലുകളില്‍ അഭിനയിക്കാന്‍ സാധിച്ചു. കൂടുതലും കോമഡി കഥാപാത്രങ്ങളായിരുന്നു. സ്ത്രീധനം സീരിയലിലെ നെത്തോലി നെല്‍സണ്‍-ചാളമേരി കോമ്പിനേഷന്‍ ഹിറ്റായി . വെള്ളാനകളുടെ നാട് എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് വിനയന്‍ സാറിന്റെ ചിത്രത്തിലേക്ക് ക്ഷണമെത്തുന്നത്. ഈ സീരിയലില്‍ ഓരോ ദിവസവും വ്യത്യസ്ത കഥകളാണ് ചിത്രീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഓരോ ദിവസവും വ്യത്യസ്ത കഥാപാത്രങ്ങളായിട്ടുവേണം അഭിനയിക്കേണ്ടത്. തല മൊട്ടയടിച്ചും താടിവടിച്ചും പല തരത്തില്‍ നിരവധി കഥാപാത്രങ്ങളായി. അത്തരത്തില്‍ ഒരുപാട് കഷ്ടപ്പെടുമ്പോള്‍ പലരും പറഞ്ഞു ഇതിനുള്ള ഗുണം ഏതെങ്കിലും രീതിയില്‍ ലഭിക്കുമെന്ന്. ഈ സീരിയല്‍ വിനയന്‍ സാറിന്റെ ഭാര്യ കണ്ടിട്ട് അവരാണ് എന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിച്ചില്ലേ?

അതെ. കെഎസ്ആര്‍ടിസിയിലെ ബസ് കണ്ടക്ടറാണ്. കോളെജ് ജീവിതം കഴിഞ്ഞ് പഠിച്ചെഴുതി കിട്ടിയ ജോലിയാണ്. നിരവധി തൊഴില്‍ മേഖലകളില്‍നിന്ന് കലാപരമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് എനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്നത് കണ്ടക്ടര്‍ ജോലിയാണെന്ന് തോന്നി.

പ്രശസ്തി ജോലിയെ ബാധിച്ചോ?

എന്റെ വീടിന്റെ അടുത്തുകൂടിയുള്ള റൂട്ടാണ് എന്റേത്. എന്നെ സ്ഥിരം കാണുന്ന യാത്രക്കാരാണ് അതില്‍ പൊതുവെയുള്ളത്. പിന്നെ ഇടയ്ക്ക് കയറുന്നവര്‍ ദേ സീരിയലില്‍ കണ്ട ചേട്ടന്‍ എന്ന രീതിയില്‍ കൗതുകത്തോടെ കാണാറുണ്ട്. ചിലര്‍ ഫോട്ടോയുമെടുക്കും. ജോലി സ്ഥലത്തുനിന്നും പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ സിനിമ കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ഇനി ബസ്സില്‍ പോകുമ്പോള്‍ സ്വീകരണം കൂടുതലാകും എന്ന് ഉറപ്പാണ്.

ആളുകള്‍ വളരെ വേഗം തിരിച്ചറിഞ്ഞ് തുടങ്ങിയല്ലോ?

വളരെ വേഗം. ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസാകുന്നതിന് ഒരാഴ്ച്ച മുമ്പ് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ ഞാന്‍ ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമാ കണ്ടു. എന്നാല്‍ റിലീസായിക്കഴിഞ്ഞ് ആ പരിസരത്ത് എന്നോടൊപ്പം ഫോട്ടോയെടുക്കാന്‍ തിരക്ക് കൂട്ടുകയായിരുന്നു ആളുകള്‍. അതുകൊണ്ടുതന്നെ വളരെ വേഗമാണ് ഈ അംഗീകാരം ജനങ്ങള്‍ തരുന്നത്.

അടുത്ത പദ്ധതികള്‍?

വ്യത്യസ്തമായ നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഒന്നുരണ്ട് ഓഫറുകള്‍ വന്നിട്ടുണ്ട്. വിനയന്‍ സാറിന്റെ അടുത്ത ചിത്രത്തിലേക്കും ക്ഷണം ലഭിച്ചു. കലാപരമായ പ്രവര്‍ത്തനങ്ങളുമായിത്തന്നെ മുന്നോട്ടുപോകും.

DONT MISS
Top