ഇഞ്ചുറി ടൈമില്‍ കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ സമനില

കൊച്ചി: പതിനായിരക്കണക്കിനായ സ്വന്തം കാണികളുടെ മുന്നില്‍ കളി ജയിക്കുക എന്ന മോഹം തൊണ്ണൂറ്റി മൂന്നാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടപ്പോള്‍ കാണികള്‍ക്ക് നിരാശ ബാക്കി. മുംബൈ സിറ്റി എഫ്‌സിയുമായുള്ള കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് കളി തീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ലീഡ് കൈവിട്ടു. മത്സരം 1-1 എന്ന നിലയില്‍ അവസാനിച്ചു.

അസം സ്വദേശിയായ ഹാലിചരണ്‍ നര്‍സാരി നേടിയ ഗോളിലാണ് ഒന്നാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. മുംബൈയ്ക്കായി പ്രജ്ഞാല്‍ ഭൂമിജ് ഗോള്‍ മടക്കി. ഒത്തിണക്കത്തോടെ കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് പലപ്പോഴും ഫിനിഷിംഗില്‍ പാളി.

കേരളത്തിന്റെ മുന്‍നിര താരങ്ങള്‍ നഷ്ടമാക്കിയ ഒരു ഡസനോളം ഗോളവസരങ്ങള്‍ ഡേവിഡ് ജെയിംസിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നുറപ്പ്. നിലവില്‍ പോയന്റ് ടേബിളില്‍ നാല് പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് മുന്നില്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും നാല് പോയന്റുകളുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലാണ്.

DONT MISS
Top