ആദ്യ ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈക്കെതിരെ

കൊച്ചി: ഐഎസ്എല്‍ അഞ്ചാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ ഹോം മത്സരത്തിനിറങ്ങുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ എടികെയ്‌ക്കെതിരെ നേടിയ രണ്ട് ഗോള്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നതെങ്കില്‍, ജംഷഡ്പൂര്‍ എഫ്‌സിയോടേറ്റ രണ്ട് ഗോള്‍ തോല്‍വി മറക്കാനാണ് മുംബൈയുടെ ശ്രമം.

കളിക്കാരുടെ പ്രകടനത്തില്‍ പരിശീലകന്‍ ഡേവിഡ് ജെയിംസും സംതൃപ്തനാണ്. ടീം തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയ ജെയിംസിന്റെ കണക്കുകൂട്ടലുകള്‍ക്കൊത്ത പ്രകടനം തന്നെയാണ് കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദും, മുഹമ്മദ് റാകിപും, ഗോള്‍കീപ്പര്‍ ധീരജ് സിംഗും ആദ്യ മത്സരത്തില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്നു. ഉയരക്കുറവ് മാത്രമാണ് അല്‍പമെങ്കിലും അണ്ടര്‍ 19 ലോകകപ്പ് താരമായ ധീരജിനെ വലച്ചത്. വരും മത്സരങ്ങളില്‍ മറ്റ് ഗോളിമാര്‍ക്ക് അവസരം നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മുന്‍ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷ ആദ്യമത്സരത്തില്‍ തന്നെ നല്‍കാന്‍ ടീമിനായി. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ടീം നേടിയ രണ്ട് ഗോളുകളും മുന്നേറ്റത്തിലെ വിദേശതാരങ്ങളായ സ്ലാവിസ സ്റ്റൊയാനോവിച്ചും, മറ്റേജ് പോപ്ലാന്റികും ചേര്‍ന്നായിരുന്നു. ഇതിന് പുറമെ നിരവധി ഷോട്ടുകളും എതിര്‍പോസ്റ്റിനെ ലക്ഷ്യം വെച്ചു ബ്ലാസ്‌റ്റേഴ്‌സ് തൊടുത്തു. ഇയാന്‍ ഹ്യൂമിന് പകരം ടീമിന് മുതല്‍ക്കൂട്ടാകാന്‍ പോപ്ലാന്റികിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങിയ ടീമില്‍ കാര്യമായ മാറ്റത്തിന് ജെയിംസ് മുതിര്‍ന്നേക്കില്ല. കൊച്ചിയില്‍ മത്സരം നടക്കുന്നതിനാല്‍ വിനീതിനെ ആദ്യ ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. കറേജ് പെക്കൂസണും, കിസിറ്റോ കെസിറോണും രണ്ടാം പകുതിയില്‍ ഇറങ്ങാനാണ് സാധ്യത. മൂന്ന് മത്സരങ്ങളുടെ സസ്‌പെന്‍ഷനില്‍ കഴിയുന്ന മലയാളി താരം അനസ് എടത്തൊടികയ്ക്ക് ഇന്നത്തെ മത്സരവും നഷ്ടമാകും. എന്നാല്‍ അനസിന്റെ അഭാവം ടീമിനെ തെല്ലും ബാധിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. നായകന്‍ സന്ദേശ് ജിങ്കനും, നെമാന്‍ജ പെസിച്ചും നയിക്കുന്ന പ്രതിരോധ നിര ഭദ്രമാണ്. ഇവര്‍ക്കൊപ്പം ലാല്‍റുവാട്ട്ത്താരയും, സീമിന്‍ലെന്‍ ഡംഗലും കൂടി ചേരുമ്പോള്‍ ആശങ്കകള്‍ക്ക് വഴിയില്ല.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നില്ല. പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് കരുത്തായ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി സ്‌പെഷ്യല്‍ ജേഴ്‌സിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിത്തിലിറങ്ങുന്നത് പോലും. ആദ്യ മത്സരത്തിലെ ആവേശം നിലനിര്‍ത്താനായാല്‍ ബ്ലാസ്റ്റേഴിസിന് മുന്നോട്ടുള്ള കാര്യങ്ങള്‍ എളുപ്പമാകും. അതേസമയം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നില്‍നില്‍ക്കുന്നതിനാല്‍ മഴപ്പേടിയിലാണ് കൊച്ചി.

DONT MISS
Top