ലോകകപ്പ് യോഗ്യത തേടി ഇന്ത്യ; അണ്ടര്‍ 16 ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ന് നിര്‍ണായക ക്വാര്‍ട്ടര്‍

കോലാലംപൂര്‍: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇന്ന് നിര്‍ണായക ദിനം. ലോകകപ്പ് യോഗ്യത പ്രതീക്ഷകളുമായി ഇന്ത്യയുടെ കൗമാരപ്പട അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ നേരിടും. ജയിക്കാനായാല്‍ സെമിഫൈനലിനോടൊപ്പം അണ്ടര്‍ 17 ലോകകപ്പ് യോഗ്യതയുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വൈകുന്നേരം ആറുമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 വില്‍ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.

ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഇന്തോനേഷ്യയെ ഗോള്‍രഹിതസമനിലയില്‍ പൂട്ടിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ക്വാര്‍ട്ടറിലെത്തിയത്. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ഇതിന് മുന്‍പ് 2002 ലാണ് ഇന്ത്യ അവസാനമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ വിയറ്റ്‌നാമിനെ എതിരില്ലാത്ത ഒരു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇന്ത്യ ഇറാന്‍, ഇന്തോനേഷ്യ ടീമുകള്‍ക്കെതിരെ സമനില പാലിച്ചു.

ഏഷ്യന്‍ കപ്പിന്റെ സെമിയില്‍ പ്രവേശിക്കാനായാല്‍ അണ്ടര്‍ 17 ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ശക്തരായ കൊറിയയുമായുള്ള പോരാട്ടം കനക്കുമെന്നുറപ്പാണ്. കഴിഞ്ഞ വര്‍ഷം ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യ അണ്ടര്‍ 17 ലോകകപ്പ് കളിച്ചിരുന്നു. ആരാധകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top