ഐഎസ്എല്‍ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

അഞ്ചാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പരിചയ സമ്പത്തിനേക്കാള്‍ മുന്‍തൂക്കം നല്‍കിയത് യുവാക്കള്‍ക്കാണ്. മലയാളി താരങ്ങളുള്‍പ്പടെ ഒരുപറ്റം മികച്ച യുവതാരങ്ങളുണ്ട് ഇത്തവണ ടീമില്‍. നായകന്‍ സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, സിറില്‍ കാലി, നെമാന്യ ലാകിച് പെസിച്, എന്നിവരടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ശക്തമാണ്. മൂന്ന് മത്സരങ്ങളില്‍ വിലക്കുള്ളതിനാല്‍ അനസ് ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങില്ല.

അണ്ടര്‍ 17 ലോകകപ്പ് താരമായ ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍വല കാക്കുന്നത്. പോയ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ച പരിഹരിക്കാന്‍ വിദേശതാരങ്ങളായ സ്ലാവിസ സ്റ്റൊയാനോവിച്ചിനും, മറ്റേജ് പോപ്ലാന്റികിനും കഴിയുമെന്നാണ് പ്രതീക്ഷ. ഇവര്‍ക്കൊപ്പം കറേജ് പെക്കൂസണും ഹാളിചരണ്‍ നര്‍സാറിയും മുന്നേറ്റത്തില്‍ എത്തിയേക്കും. സികെ വിനീത്, കെ പ്രശാന്ത്, സക്കീര്‍ മുണ്ടംപാറ, സഹല്‍ അബ്ദുള്‍ സമദ്, നിക്കോള ക്രക്മറേവിച്ച്, കിസിറ്റോ കെസിറോണ്‍ എന്നിവരടങ്ങിയതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിര.

അതേസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകരിലൊരാളായ സ്റ്റീവ് കോപ്പലാണ് ഇത്തവണ കൊല്‍ക്കത്തയുടെ കോച്ച്. വിദേശതാരങ്ങളുള്‍പ്പെടെ പരിചയസമ്പന്നരുടെ സംഘവുമായാണ് കോപ്പല്‍ എത്തുന്നത്. മാനുവല്‍ ലാന്‍സറോട്ടെ, കാലു ഉച്ചെ, എവര്‍ട്ടണ്‍ സാന്റോസ്, യൂജിന്‍സണ്‍ ലിംങ്‌തോ, കോമള്‍ തട്ടാല്‍, ജോണ്‍ ജോണ്‍സണ്‍ എന്നിവരാണ് എടികെയുടെ പ്രമുഖ താരങ്ങള്‍.

ഇരുടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ കണക്കുകളില്‍ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കാണ്. ഐഎസ്എല്ലില്‍ രണ്ട് തവണ കിരീടം നേടിയ ടീമാണ് എടികെ. ബ്ലാസ്റ്റേഴ്‌സുമായി 10 തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്.

മൂന്ന് ഇടവേളകളടക്കം ആറ് മാസം നീളുന്ന സീസണാണ് ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റേത്. ഒക്ടോബറിലും നവംബറിലും ഇന്ത്യയ്ക്ക് ചൈനയുമായും, സിറിയയുമായും സൗഹൃദ മത്സരങ്ങള്‍ ഉണ്ട്. ഈ സമയത്തും, ഡിസംബറില്‍ യുഎഇയില്‍ വെച്ച് നടക്കാനിരിക്കുന്ന എഎഫ്സി കപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുമ്പോഴുമാണ് ഇടവേളകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്-

സന്ദേശ് ജിങ്കാന്‍, സിറിള്‍ കാലി, സികെ വിനീത്, നെമാന്യ ലാകിച് പെസിച്, അനസ് എടത്തൊടിക, കറേജ് പെക്കൂസണ്‍, സക്കീര്‍ മുണ്ടംപാറ, കെസിറോണ്‍ കിസിറ്റോ, മറ്റേജ് പോപ്ലാന്റിക്, കെ പ്രശാന്ത്, സീമിന്‍ലെന്‍ ഡംഗല്‍, ഹാളിചരണ്‍ നര്‍സാറി, സ്ലാവിസ സ്റ്റൊയാനോവിച്ച്, നവീന്‍ കുമാര്‍, ലാല്‍റുവാത്താര, ധീരജ് സിംഗ്, ഷഹല്‍ അബ്ദുള്‍ സമദ്, ദീപേന്ദ്ര സിംഗ് നേഗി, ലോകെന്‍ മീട്ടി, മുഹമ്മദ് റാകിപ്, സുരാജ് റാവത്, എംഎസ് സുജിത്, ഋഷി ദത്ത്, നിക്കോള ക്രക്മറേവിച്, പ്രിതംകുമാര്‍ സിംഗ്.

DONT MISS
Top