സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീയെ ഇടവകാ ചടങ്ങുകളില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം; രൂപത പ്രതികാരനടപടി സ്വീകരിച്ചതല്ലെന്ന് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍

കോഴിക്കോട്: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ നീതി തേടികൊച്ചിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത കന്യാസ്ത്രിയെ ഇടവകാ ചടങ്ങുകളില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി കാരക്കാമല സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ രംഗത്ത്. സമരത്തില്‍ പങ്കെടുത്ത കാരക്കമ്മല സന്യാസിമഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ രൂപത പ്രതികാര നടപടി സ്വീകരിച്ചു എന്നുള്ള വാര്‍ത്ത ശരിയല്ലെന്ന് ഫാദര്‍ സ്റ്റീഫന്‍ കോട്ടക്കല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിസ്റ്റര്‍ക്കെതിരെ നടപടിയെടുത്തു വെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വിശ്വാസികളുടെ ആവശ്യം മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്ററിനെ അറിയിക്കുകയാണ് ഉണ്ടായതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കൊച്ചിയില്‍ നടന്ന പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിനു ശേഷം മഠത്തില്‍ തിരിച്ചെത്തിയപ്പോഴാണ് വിലക്കു സംബന്ധിച്ചുള്ള അറിയിപ്പ് ലഭിച്ചതെന്ന് സിസ്റ്റര്‍ വ്യക്തമാക്കുന്നു. വേദപാഠം, വിശുദ്ധ കുര്‍ബാന,ഇടവകയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ എന്നിവയില്‍നിന്നും വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദേശം മദര്‍ സുപ്പീരിയര്‍ അറിയിക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത് സഭയെ അവഹേളിച്ചു, മാധ്യമങ്ങളില്‍ സഭയെ പരസ്യമായി വിമര്‍ശിച്ചു എന്നീ ആരോപണങ്ങളാണ് സിസ്റ്റര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഔദ്യോഗികമായി അറിയിപ്പ്ലഭിച്ചിട്ടില്ലെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.താന്‍ ചെയ്ത തെറ്റെന്താണെന്ന് അറിയിച്ചിട്ടില്ലെന്നും സിസ്റ്റര്‍ പറയുന്നു. ഇടവകാ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇടവകാ വികാരി അറിയിച്ചുവെന്നാണ് മദര്‍ സുപ്പീരിയര്‍ പറഞ്ഞതെന്നും സിസ്റ്റര്‍ പ്രതികരിച്ചു. അതേസമയം, വിലക്ക് സംബധിച്ചുള്ളവാര്‍ത്തകളോട് രൂപത വൃത്തങ്ങള്‍ഇതുവരെ പ്രതികരിക്കാന്‍ തയ്യറായിട്ടില്ല.

DONT MISS
Top