കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് മിഠായിത്തെരുവില്‍ പ്രകടനം നടത്തി; നടന്‍ ജോയ് മാത്യുവിനും സഹോദരനും കണ്ടാലറിയുന്ന മറ്റ് നൂറോളം പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിയില്‍ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ പൊലീസ് കേസ്. അനുമതിയില്ലാതെ കോഴിക്കോട് മിഠായി തെരുവില്‍ പ്രകടനം നടത്തിയതിനാണ് ജോയി മാത്യുവിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത. പ്രകടങ്ങള്‍ക്ക് അനുമതിയില്ലാത്ത മേഖലയില്‍ പ്രതിഷേധം നടത്തിയെന്ന ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ജോയി മാത്യുവും സംഘവും കോഴിക്കോട് മിഠായി തെരുവില്‍ പ്രതിഷേധിച്ചത്.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ നീതി തേടി കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ മാനന്തവാടിരൂപത നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ കന്യാസ്ത്രീകളെ പിന്തുണച്ച് സമരം ചെയ്ത ജോയ് മാത്യവിന് നേരെ പൊലീസ് കേസ് ഉണ്ടായിരിക്കുന്നത്. കാരക്കമ്മല സന്യാസിമഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ടായിരുന്നു രൂപതയുടെ പ്രതികാര നടപടി.

സമരത്തെ പിന്തുണച്ച് പ്രകടനം നടത്തിയതിന് ജോയ് മാത്യുവിനെക്കൂടാതെ സഹോദരന്‍ ജോണ്‍സണ്‍ മാത്യുവിനും കണ്ടാലറിയാവുന്ന മറ്റ് നൂറോളം പേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിഠായിത്തെരുവില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും അത് ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അന്യായമായി സംഘം ചേരല്‍, കലാപത്തിന് ആസൂത്രണം നടത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സമരത്തെ പിന്തുണച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

DONT MISS
Top