പുനരുജ്ജീവനത്തിന്റെ പാതയില്‍ കുട്ടനാട്

ആലപ്പുഴ: കുട്ടനാടിന് മേല്‍ പ്രളയം സംഹാരതാണ്ഡവമാടിയിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ ഒരു നാട് പുനരുജ്ജീവനത്തിനുള്ള തയ്യാറെടുപ്പിലാണ്. പ്രളയ ശേഷം കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവുമാണ് കുട്ടനാട്ടില്‍.

കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് കുട്ടനാടിനെയൊന്നാകെ പ്രളയം കവര്‍ന്നത്. ഇരച്ചെത്തിയ വെള്ളത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പലായനം ചെയ്യേണ്ടി വന്ന ഒരു ജനത. ദുരിതാശ്വാസ ക്യാമ്പുകളിലെ ആഴ്ചകള്‍ നീണ്ട ജീവിതത്തിനൊടുവില്‍ വീടുകളിലെത്തി. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചകളോളം വെള്ളം നിന്ന വീടുകള്‍ ഒട്ടും സുരക്ഷിതമല്ല.

വെള്ളം കയറിയപ്പോള്‍ ജീവനും കൊണ്ട് രക്ഷപെട്ടതാണ് കുട്ടനാട്ടുകാര്‍. സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. കുടിവെള്ള സ്രോതസുകളെല്ലാം മലിനമായി. പ്രളയ ശേഷം കുട്ടനാട് ഇങ്ങനെയാണ്. വെള്ളമിറങ്ങിയപ്പോള്‍ വീട്ടു പകരണങ്ങളും വസ്ത്രങ്ങളുമെല്ലാം പലയിടത്തും അടിഞ്ഞുകൂടിയിരിക്കുന്നു. പലതും നന്നാക്കി എടുക്കാന്‍ പോലും കഴിയാത്ത വിധം നശിച്ചു കഴിഞ്ഞു. പ്രളയം അവശേഷിപ്പിച്ചതില്‍ നിന്ന് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമങ്ങളാണ് എങ്ങും.

DONT MISS
Top