നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം; ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രിംകോടതി രൂപം നല്‍കി

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി നിര്‍ദ്ദേശിക്കാന്‍ ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രിംകോടതി രൂപം നല്‍കി. അനധികൃതമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചതിന് നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. കേസില്‍ കേരള പൊലീസിന്റെ നടപടികള്‍ ദുരുദ്ദേശത്തോടെ ഉള്ളതാണെന്നും കോടതി പറഞ്ഞു

നമ്പി നാരായണന് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഗുരുതരമായി ലംഘിക്കപെട്ടതായി ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നിര്‍ദ്ദേശിച്ചും അന്വേഷണ സമിതി രൂപീകരിച്ചുമുള്ള സുപ്രിംകോടതി ഉത്തരവ്. ദേശീയ തലത്തില്‍ പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നു പോവേണ്ടി വന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.കേസിലെ കേരള പൊലീസ് നടപടികള്‍ ദുരുദ്ദേശപരമാണ്.

ആരെയും അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാമെന്ന പൊലീസിന്റെ നിരുത്തരവാദപരമായ നിലപാട് കാരണം നമ്പി നാരായണന്‍ വലിയ അപമാനവും മാനസിക പീഡനവും സഹിക്കേണ്ടി വന്നു. മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്രവും തകിടം മറിച്ചു.തെറ്റായ തടവിനും നേരിടേണ്ടി വന്ന അപകീര്‍ത്തിക്കും അപമാനത്തിനും നേരെ കോടതിക്ക് കണ്ണടക്കാനാവില്ല. നഷ്ടപരിഹാര തുക എട്ട് ആഴ്ചക്കകം സര്‍ക്കാന്‍ നമ്പി നാരായണന് നല്‍കണം.

നമ്പി നാരായണനെ കേസില്‍ കുടുക്കിയതില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന് സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിച്ച് നടപടി നിര്‍ദ്ദേശിക്കാനാണ് മുന്‍ സുപ്രിംകോടതി ജഡ്ജി ഡികെ ജയിന്‍ അധ്യക്ഷനായ സമിതി. കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാറിന്റെയും ഓരോ പ്രതിനിധികളെ സമിതിയില്‍ ഉള്‍പെടുത്തണം. ഹൈക്കോടതി വേണ്ടത്ര ഗൗരവത്തോടെ കേസിനെ സമീപിച്ചില്ല. ജീവിതമെന്നാല്‍ ആത്മാഭിമാനവും അന്തസ്സുമാണ്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ കേസുമായി നമ്പി നാരായണന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

DONT MISS
Top